Saturday, May 4, 2024
keralaNews

കാട്ടുപോത്തിന്റെയും മലമാനിന്റെയും കൊമ്പുകളും പവിഴപ്പുറ്റും വനം വകുപ്പ് പിടിച്ചു

കോഴിക്കോട്: അനധികൃതമായി കൈവശം വെച്ച കാട്ടുപോത്തിന്റെയും മലമാനിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടന്‍ തോക്കിന്റെ ഭാഗങ്ങളും കണ്ടെത്തി. കോഴിക്കോട് ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മൂടാടി സ്വദേശി വാടകക്ക് താമസിക്കുന്ന വീട്ടില്‍ നിന്നും പിടികൂടിയത്.                                                                                                                ചെറുകുളം കോട്ടുപാടം റോഡില്‍ ഉണിമുക്ക് ഭാഗത്ത് മൂടാടി ഹില്‍ ബസാര്‍, ശിവപുരി വീട്ടില്‍ ധനമഹേഷ് പി ടി (50) എന്നയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നുമാണ് ഇവ കോഴിക്കോട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം പിടികൂടിയത്. വന്യ ജീവി സംരക്ഷണ നിയമം 1972 പ്രകാരം വന്യ ജീവികളുടെ ശരീര ഭാഗങ്ങള്‍ കൈവശം വെയ്ക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. പ്രതി ധനമഹേഷ് പോക്‌സോ കേസില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കേസ് തുടരന്വേഷണത്തിനായി താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് കൈമാറി. കോഴിക്കോട് ഫ്‌ലൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി പ്രഭാകരന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എബിന്‍ എ, ബീറ്റ് ഫോറസ്റ്റ് ഒഫീസര്‍മാരായ എ ആസിഫ്, സി മുഹമ്മദ് അസ്ലം, ശ്രീനാഥ് കെ വി, ഡ്രൈവര്‍ ജിജീഷ് ടി കെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.