Sunday, May 5, 2024
keralaNews

സംസ്ഥാനത്ത് അഞ്ചാം പനിക്കെതിരേ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചാം പനിക്കെതിരേ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തിന് പുറമേ മറ്റ് ജില്ലകളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. വാക്സിനേഷന്‍ വിമുഖതയകറ്റാനുള്ള പ്രത്യേക ക്യാമ്പെയ്നും ആരംഭിച്ചു.പ്രതിരോധ കുത്തിവയ്പു കുറഞ്ഞ സ്ഥലങ്ങളിലാണ് അഞ്ചാം പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതിനാല്‍ വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് മലപ്പുറം ജില്ലയില്‍ ആരംഭിച്ചു.
പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടറെ അന്വേഷണത്തിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ഡബ്ല്യു.എച്ച്.ഒ പ്രതിനിധിയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ ഏകോപിപ്പിക്കും.അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. എംആര്‍ വാക്‌സിന്‍ നല്‍കുന്നതിലൂടെ ഈ രോഗത്തിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് സാധാരണ എംആര്‍ വാക്‌സിന്‍ നല്‍കുന്നത്. കുട്ടിയുടെ ഒമ്പതാം മാസം കഴിഞ്ഞാലുടന്‍ ആദ്യ ഡോസ് എംആര്‍ വാക്‌സിനും പതിനാറാം മാസം കഴിഞ്ഞാലുടന്‍ രണ്ടാം ഡോസും നല്‍കണം. എന്തെങ്കിലും കാരണത്താല്‍ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികള്‍ക്ക് 5 വയസുവരെ വാക്‌സിന്‍ എടുക്കാവുന്നതാണ്. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഇന്ന് മുതല്‍ കൂടുതല്‍ വാക്സീന്‍ ലഭ്യമാക്കും