Sunday, May 5, 2024
indiaNews

രാജ്യത്ത് വനിതകളേയും വിവിഐപി സുരക്ഷാ സംഘത്തില്‍ കമാന്‍ഡോകളാക്കും

ദില്ലി: രാജ്യത്ത് വനിതകളേയും വിവിഐപി സുരക്ഷയ്ക്കുള്ള സംഘത്തില്‍ കമാന്‍ഡോകളായി നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.ആദ്യഘട്ടത്തില്‍ 32 വനിതകളെ കമാന്‍ഡോകളെയാണ് പുതുവര്‍ഷം മുതല്‍ നിയമിക്കുന്നത്.                                                                                                കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി വിവിഐപികളുടെ ഇസഡ് പ്ലസ് സുരക്ഷ സംഘത്തിലാണ് വനിത കമാന്‍ഡോകളെയും നിയോഗിക്കുന്നത്. വിവിഐപികളുടെ ഔദ്യോഗിക വസതികളിലും യാത്രകളിലും വനിത കമാന്‍ഡോകള്‍ ഇനി സുരക്ഷ ഒരുക്കും.പുരുഷ കമാന്‍ഡോകള്‍ക്ക് തുല്ല്യമായി സുരക്ഷ ഒരുക്കാനുള്ള ആയുധങ്ങള്‍ വനിതാ കമാന്‍ഡോകള്‍ക്കും നല്‍കും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്തമാസം ആദ്യം പല

നേതാക്കളുടെയും യാത്രകള്‍ തുടങ്ങും. ആ യാത്രകളില്‍ വനിത സൈനികര്‍ ഉള്‍പ്പെട്ട കമാന്‍ഡോ സംഘമാകും അവര്‍ക്ക് സുരക്ഷ നല്‍കുക. സൈന്യത്തില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ ഉറപ്പാക്കിയ സുപ്രീംകോടതി വിധി പ്രതിരോധ സുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തന്നെയാണ് തുടക്കമിട്ടത്. അതിന് പിന്നാലെ ജമ്മുകശ്മീരിലെ സുരക്ഷയ്ക്ക് കേന്ദ്ര സേനകള്‍ വനിത സൈനികരെയും ഉള്‍പ്പെടുത്തി. അതിനൊപ്പമാണ് വിവിഐപി സുരക്ഷാ സംഘത്തിലും വനിത കമാന്‍ഡോകള്‍ വരുന്നത്.