Sunday, May 5, 2024
keralaNewspolitics

അടുത്ത അഞ്ച് വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും കേരളത്തില്‍ ഉണ്ടാവുക; സുരേഷ് ഗോപി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ആറ്റിങ്ങലില്‍ നടന്ന ബി.ജെ.പി യോഗത്തിലായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥികളെ മലിനം എന്ന് വിളിച്ച് സുരേഷ് ഗോപി രംഗത്തെത്തിയത്.’അത്രക്ക് മലിനമാണ് നിങ്ങള്‍ കാണുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍. അവരെ സ്ഥാനാര്‍ത്ഥികളായി പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ല. അവര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍ ആ ശത്രുക്കളെ നിഗ്രഹിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ഈ 31 പേരും. ഈ 31 പേരെയും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലുള്ള ഓരോ സമ്മതിദായകരും വിലമതിക്കാനാകാത്ത വോട്ട് നല്‍കി വിജയിപ്പിക്കണം’, എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
വോട്ടര്‍മാര്‍ ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും വരില്ലെന്നും രണ്ടും തുലയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘നിങ്ങള്‍ വിചാരിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും കേരളത്തില്‍ ഉണ്ടാവുക. സാധ്യമല്ല എന്ന് പറയുന്ന കാലഘട്ടം മറന്നേക്കൂ. എല്ലാ വാര്‍ഡുകളിലും ബി.ജെ.പി ജയിച്ചു വരും. എല്ലാ വാര്‍ഡുകളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ ഒട്ടും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.