Saturday, May 11, 2024
keralaNews

ആത്മഹത്യാഭീഷണി മുഴക്കി ബിഎസ്എന്‍എല്‍ ടവറില്‍ കയറിയ യുവതിയെ കടന്നല്‍ കുത്തി താഴെയിറക്കി

കായംകുളം : പെട്രോള്‍ നിറച്ച കുപ്പിയുമായി ആത്മഹത്യാഭീഷണി മുഴക്കി ബിഎസ്എന്‍എല്‍ ടവറില്‍ കയറിയ യുവതിയെ കടന്നല്‍ കുത്തി. കടന്നല്‍ക്കൂട്ടം ആക്രമിച്ചതോടെ അലറി വിളിച്ച യുവതി സ്വയം താഴെയിറങ്ങിയതോടെ പൊലീസിനും അഗ്‌നിശമന സേനയ്ക്കും ആശ്വാസമായി. യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 5 ന് കായംകുളം ബിഎസ്എന്‍എല്‍ ഓഫിസ് അങ്കണത്തിലെ ടവറിലാണ് 23 വയസ്സുകാരിയായ തമിഴ്‌നാട് സ്വദേശി കയറിയത്. ഭര്‍ത്താവിനോടൊപ്പമുള്ള കുഞ്ഞിനെ തിരികെ കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതോടെ ജീവനക്കാര്‍ പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ടവറിനു ചുറ്റും വലവിരിച്ചു മുന്‍കരുതലെടുത്തു.

പൊലീസ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെ യുവതിയുടെ കൈവശമുണ്ടായിരുന്ന പെട്രോള്‍ നിറച്ച കുപ്പി താഴെ വീണു. ഇതോടെ ടവറിന്റെ കൂടുതല്‍ ഉയരത്തിലേക്കു യുവതി കയറാന്‍ തുടങ്ങി. കടന്നലുണ്ടെന്നു പൊലീസ് മുന്നറിയിപ്പു നല്‍കിയെങ്കിലും യുവതി കൂട്ടാക്കിയില്ല. ഈ സമയം കടന്നല്‍ക്കൂട്ടം ഇളകി യുവതിയെ ആക്രമിച്ചതോടെ യുവതി സ്വയം താഴേക്കിറങ്ങി. തുടര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയില്‍ എത്തിച്ചു. ഭര്‍ത്താവുമായി വഴക്കിട്ട് കുഞ്ഞുമായി വീടു വിട്ട യുവതി ആദ്യം തിരൂരില്‍ സഹോദരിയുടെ വീട്ടിലാണ് എത്തിയത്.ഭര്‍ത്താവ് അവിടെയെത്തി മര്‍ദിച്ചശേഷം കുട്ടിയെ തട്ടിയെടുക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. തിരൂരില്‍ നിന്ന് ചാരുംമൂട് പുതുപ്പള്ളിക്കുന്നത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ശേഷമാണ് കായംകുളത്ത് വന്ന് ആത്മഹത്യാ ശ്രമം നടത്തിയത്. തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.