Friday, May 17, 2024
NewsObituaryworld

ഉഗാണ്ടയിലെ സ്‌കൂളില്‍ ഭീകരാക്രമണം; 41 പേര്‍ കൊല്ലപ്പെട്ടു

ഉഗാണ്ട: ഉഗാണ്ടയിലെ സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തെ വിമതരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. പടിഞ്ഞാറന്‍ ഉഗാണ്ടയിലെ സ്‌കൂളിനുള്ളിലാണ് അതിക്രൂരമായ ആക്രമണം നടന്നത്.   കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നാണ് വിവരം. സ്‌കൂളില്‍ നിന്ന് പലരെയും ഭീകരസംഘം തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌കൂളിന് തീയിട്ടതോടെയാണ് ആക്രമണങ്ങളുടെ തുടക്കം. നിരവധി കുട്ടികള്‍ തീപിടിത്തത്തില്‍ വെന്തുമരിക്കുകയായിരുന്നു. പല കുട്ടികളെയും അക്രമികള്‍ വെടിവെച്ചും കൊലപ്പെടുത്തി. സ്‌കൂളില്‍ കുട്ടികള്‍ കിടന്നുറങ്ങുന്ന ഡോര്‍മെറ്ററിയാണ് ഭീകരര്‍ തീയിട്ടത്. രാജ്യത്തെ വിമത സംഘടനയായ അലീഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് ( ADS) ആണ് ആക്രമണം നടത്തിയതെന്നും ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നുമാണ് വിവരം. അക്രമികള്‍ വിരൂംഗ നാഷണല്‍ പാര്‍ക്ക് വഴിയാണ് രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കോംഗോ അതിര്‍ത്തിക്ക് സമീപമുള്ള സ്‌കൂളിനെയാണ് ഭീകരര്‍ ആക്രമിച്ചത്. കൊല്ലപ്പെട്ട 41 പേരില്‍ 38 സ്‌കൂള്‍ കുട്ടികളാണെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്. ആറ് പേരെയാണ് വിമതര്‍ തട്ടിക്കൊണ്ടുപോയതെന്നും അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയിരിക്കുന്നതും ഉഗാണ്ടന്‍ സൈന്യം സൂചന നല്‍കുന്നു. പരിക്കേറ്റവരും നിരവധിയാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തെ ഉഗാണ്ടന്‍ സര്‍ക്കാര്‍ അപലപിച്ചു.