Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് ഗേള്‍സ് ബോയ്സ് സ്‌കൂളുകള്‍ കുറയ്ക്കും വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗേള്‍സ് ബോയ്സ് സ്‌കൂളുകള്‍ കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. പിടിഎ തീരുമാനിച്ചാല്‍ മിക്സഡ് സ്‌കൂളിന് അംഗീകാരം നല്‍കും. ഗേള്‍സ്, ബോയ്സ് സ്‌കൂള്‍ മാറ്റണമെങ്കില്‍ അതാത് പിടിഎ തീരുമാനിച്ചാല്‍ മതി. ലിംഗസമത്വ യൂണിഫോം തീരുമാനിക്കേണ്ടതും പിടിഎ ആണ്.ഇത് വിദ്യാഭ്യാസവകുപ്പിനെ കേന്ദ്രീകരിച്ചുള്ള തീരുമാനമല്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതാത് സ്‌കൂളിലെ പിടിഎ, അധ്യാപകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവരെല്ലാം ഏകകണ്ഠമായി എടുക്കുന്ന തീരുമാനത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് യാതൊരു എതിര്‍പ്പുമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.വിഷയത്തില്‍ നേരിട്ട് ഇടപെടുന്നില്ല. അതാത് പിടിഎകള്‍ തീരുമാനിക്കുകയാണെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് ഇതിനോട് അനുകൂല തീരുമാനം എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കൂടുതല്‍ പരാതികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് താഴേത്തട്ടില്‍ നിന്നും അധ്യാപക-രക്ഷാകര്‍തൃ സമിതികള്‍ ഒരുമിച്ച് തീരുമാനം എടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.