Wednesday, May 1, 2024
indiaNewspolitics

മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് 85 എംഎല്‍എമാരുടെ പിന്തുണ: നിരീക്ഷകരുടെ റിപ്പോര്‍ട്ട്

ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രിക്കായി സിദ്ധരാമയ്യക്ക് 85 എംഎല്‍എമാരുടെ  പിന്തുണയെന്ന് നിരീക്ഷകരുടെ റിപ്പോര്‍ട്ട് . 45 നിയമസഭാംഗങ്ങളാണ് ഡികെ ശിവകുമാറിനുള്ള പിന്തുണ. അതേസമയം ആറ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്ന നിലപാടുകാരാണെന്നും എഐസിസി നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്.വിമത നീക്കത്തിനില്ലെന്ന് പറഞ്ഞ ഡികെ ശിവകുമാര്‍ രംഗത്ത് വന്നതോടെ ഇനി അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. എങ്കിലും പിസിസി അധ്യക്ഷനായ ഡികെ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. ഇദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും അദ്ദേഹത്തിന് നല്‍കിയേക്കുമെന്നും കരുതുന്നു.എന്നാല്‍ ഈ രണ്ട് പേരുടെ കാര്യത്തില്‍ സമവായം എത്തിയാല്‍ മാത്രം പ്രശ്‌നങ്ങള്‍ തീരില്ല. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി പദത്തിന് മുതിര്‍ന്ന നേതാവ് എംബി പാട്ടീല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് മന്ത്രിസഭാ രൂപീകരണത്തില്‍ മറ്റ് നേതാക്കളുടെ സമ്മര്‍ദ്ദത്തിനും ഉത്തരം കണ്ടെത്തേണ്ടി വരും.മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചയ്ക്കായി ഡികെ ശിവകുമാറിനെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം പോയില്ല. വയറില്‍ അണുബാധയെന്ന് കാരണം പറഞ്ഞ് പിന്മാറുകയായിരുന്നു. സംസ്ഥാനത്ത് തന്റേതായി എംഎല്‍എമാരില്ലെന്നും എല്ലാം കോണ്‍ഗ്രസിന്റെ എം എല്‍ എമാരാണെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി വിമത നീക്കം നടത്തില്ലെന്ന് പറഞ്ഞ ഡികെ, മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കില്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുവെന്നും വ്യക്തമാക്കി. തന്നെ കര്‍ണാടക പിസിസി അധ്യക്ഷനാക്കിയത് സോണിയാ ഗാന്ധിയാണ്. സംസ്ഥാനത്ത് അധികാരം പിടിച്ച് താന്‍ കടമ നിറവേറ്റി. പാര്‍ട്ടിയുടെ ഏത് തീരുമാനവും താന്‍ അംഗീകരിക്കും. എംഎല്‍എമാരുടെ അഭിപ്രായത്തിന് എന്ത് രഹസ്യ സ്വഭാവമാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വെറും നടപടിക്രമങ്ങള്‍ മാത്രമാണെന്നും താന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. എതിര്‍പ്പുള്ളവരും ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നായിരുന്നു സിദ്ധരാമയ്യ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ദില്ലിയിലേക്ക് പോകുന്നില്ലെന്ന് ഡികെ ശിവകുമാര്‍ തീരുമാനിച്ചത്.