Tuesday, May 7, 2024
keralaNewspolitics

മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം.

സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അങ്കമാലിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. റെസ്റ്റ് ഹൗസിന് സമീപത്തു നിന്നാരംഭിച്ച മാര്‍ച്ച് റോജി എം.ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.സിവില്‍ സ്റ്റേഷനിലേക്ക് പ്രകടനമായെത്തിയവരെ മാര്‍ക്കറ്റ് റോഡില്‍ പൊലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. ബാരിക്കേഡ് മറിച്ച് പ്രവര്‍ത്തകര്‍ മുന്നോട്ട് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

കൊല്ലത്ത് യുവമോര്‍ച്ച നടത്തിയ കലക്ടറേറ്റ് വളയല്‍ സമരത്തിനിടെ സംഘര്‍ഷം ഉണ്ടായി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മഹിളാമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരില്‍ ഡിഐജി ഓഫിസിലേക്ക് നടന്ന കെഎസ്യു മാര്‍ച്ചിലും സംഘര്‍ഷം.സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കുക, മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് നേതാക്കളുടെ സത്യഗ്രഹ സമരം തുടരുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്‍പിലും മറ്റിടങ്ങളില്‍ കലക്ടറേറ്റുകള്‍ക്ക് മുമ്പിലുമാണ് പ്രതിഷേധം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് യുഡിഎഫ് സത്യഗ്രഹം.