Thursday, May 16, 2024
keralaNews

അനുപമ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം ആരംഭിച്ചു.

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി അനുപമ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം ആരംഭിച്ചു. പെറ്റമ്മയെന്ന നിലയില്‍ നീതി നല്‍കേണ്ടവര്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടു നിന്നതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് അനുപമ പറഞ്ഞു.എല്ലാവര്‍ക്കും പരാതി കൊടുത്തു. അമ്മയെന്ന ഒരു പരിഗണനയും കിട്ടിയില്ല. കുഞ്ഞിനെ കിട്ടാതെ പിന്നോട്ടില്ല. ദത്ത് നടപടികള്‍ക്ക് മുന്നേ തന്നെ കുഞ്ഞിനെ അന്വേഷിച്ച് ഭരണസംവിധാനങ്ങളെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പോലീസിലും വിശ്വാസമില്ല.
വിഷയത്തില്‍ തന്റെ മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും അനുപമ ആരോപിച്ചു. അനുപമയ്ക്ക് നീതി കിട്ടിയില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ടും ആരോപിച്ചു. അനുപമയ്ക്ക് കുട്ടിയെ തിരികെ നല്‍കണം. മനുഷ്യത്വരഹിതമായ കാര്യമാണ് നടന്നത്.അമ്മയില്‍ നിന്ന് കുട്ടിയെ മാറ്റിയത് കുറ്റകരമായ കൃത്യമാണ്. കുഞ്ഞിനെ തിരികെ കിട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കണം. നീതി നിഷേധം ഉണ്ടായി എന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം അനുപമയ്ക്ക് ഒപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്ന് മുന്‍ മന്ത്രി പി.കെ.ശ്രീമതി പറഞ്ഞു.കുഞ്ഞിനെ അമ്മയ്ക്ക് തിരികെ കിട്ടണം. അനുപമ തനിക്ക് നേരിട്ട് പരാതി തന്നിട്ടില്ല. ബൃന്ദ കാരാട്ടാണ് ഈ വിഷയം തന്നോട് പറയുന്നത്. വിഷയം സര്‍ക്കാര്‍ അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പി.കെ.ശ്രീമതി പറഞ്ഞു.