Friday, May 10, 2024
keralaNews

ജെറ്റ് ഫ്യൂവല്‍ വില വര്‍ധിച്ചു; പെട്രോള്‍, ഡീസല്‍ വില വര്‍ധന ഉടനെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും അവസാനമായി ഇന്ധനവിലയില്‍ മാറ്റം വന്നത് ഏപ്രില്‍ 15നായിരുന്നു. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് അന്ന് കുറഞ്ഞത്. രാജ്യത്ത് കഴിഞ്ഞ ദിവസം ജെറ്റ് ഫ്യൂവല്‍ വിലയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. 6.7 ശതമാനമാണ് ജെറ്റ് ഫ്യൂവലിന്റെ വില വര്‍ധിച്ചത്. ഇതേ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില ഉടന്‍ വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഇന്ധനവില വര്‍ധന നിലച്ചിരുന്നു.

കഴിഞ്ഞ മാസം രണ്ട് പ്രാവശ്യം പെട്രോള്‍, ഡീസല്‍ വില കുറഞ്ഞിരുന്നു. ഏപ്രില്‍ ഒന്നിന് വില 3 ശതമാനവും ഏപ്രില്‍ 16 ന് ഒരു ശതമാനവും കുറഞ്ഞു. എന്നാല്‍ വില വര്‍ധനവ് ഉടനുണ്ടാകുമെന്നാണ് എണ്ണക്കമ്ബനി അധികൃതര്‍ നല്‍കുന്ന സൂചന. ഡല്‍ഹിയില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോ ലിറ്ററിന് 3885 രൂപയാണ്. പ്രാദേശിക നികുതികള്‍ അനുസരിച്ച് നിരക്കുകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടും.

6.7 ശതമാനമാണ് വര്‍ധന. രാജ്യത്ത് വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ ഇന്ധന ആവശ്യകത കുറച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലെ ഡിമാന്‍ഡ് വര്‍ധിച്ചതും ഡോളറിന്റെ ദുര്‍ബലതയും കാരണം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ‘കഴിഞ്ഞ 4 ദിവസമായി (ഏപ്രില്‍ 27 മുതല്‍) വില തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. ദുബായ് ക്രൂഡ് ഓയില്‍ വില ബാരലിന് 2.91 യുഎസ് ഡോളര്‍ ഉയര്‍ന്നു’-ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുഎസ് വെസ്റ്റ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന് ബാരലിന് 63.94 ഡോളറിനാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന് ബാരലിന് 67.12 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഡല്‍ഹിയില്‍ പെട്രോളിന് ഇപ്പോള്‍ 90.40 രൂപയാണ് വില. ഒരു ലിറ്റര്‍ ഡീസലിന് 80.73 രൂപയും നല്‍കണം. മാര്‍ച്ച് 24 ന് ശേഷം നാല്? തവണയായി പെട്രോള്‍ വില 67 പൈസയും ഡീസലിന് 74 പൈസയും കുറച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ എക്‌സൈസ് തീരുവ ഉയര്‍ത്തിയതിനുശേഷം പെട്രോളിന്റെ വിലയില്‍ 21.58 രൂപയും ഡീസലിന്റെ വില 19.18 രൂപയും ഉയര്‍ന്നു. ഇന്ധനങ്ങളുടെ ചില്ലറ വില്‍പ്പന വില പരിശോധിച്ചാല്‍ ഡീസലിന്റെ 54 ശതമാനവും പെട്രോളിന്റെ 60 ശതമാനവും കേന്ദ്ര സംസ്ഥാന നികുതിയാണ്. പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്.