Saturday, May 18, 2024
keralaNews

നാളെ വോട്ടെണ്ണല്‍ തുടങ്ങും ;എരുമേലി ഗ്രാമ പഞ്ചായത്ത് ആര് ഭരിക്കും ……?

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വോട്ടെണ്ണല്‍ നാളെ ആരംഭിക്കുകയാണ്.എരുമേലി ഗ്രാമപഞ്ചായത്ത് ആര് ഭരിക്കും.23 വാര്‍ഡുകള്‍ അടങ്ങുന്ന ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് എരുമേലി ആര്‍ക്കൊപ്പമാണെന്ന് തിരിച്ചറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.ഭരണത്തുടര്‍ച്ച അവകാശപ്പെട്ട് 23ല്‍ 16 സീറ്റുകള്‍ നേടുമെന്ന് സിപിഎം എരുമേലി ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ സി ജോര്‍ജ് കുട്ടി പറഞ്ഞു.എന്നാല്‍ ഭരണ വിരുദ്ധതയില്‍ ജനങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും 15 സീറ്റിലധികം നേടുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി.വി ജോസഫ് പറഞ്ഞു.
എന്നാല്‍ ഇരുമുന്നണികളുടെയും അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും വികസന മുരടിപ്പിനെതിരെയും പുതിയ ഒരു മാറ്റത്തിനായി ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും ഏറ്റവും കുറഞ്ഞത് ആറ് സീറ്റുകള്‍ നേടുമെന്നും ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് ഭരണത്തിലേറിയാല്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും,കിഴക്കേക്കരയില്‍ നിന്നും മത്സരിക്കുന്ന അനിത സന്തോഷ് വിജയിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റാകാനാണ് സാധ്യത.മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,എന്നാല്‍ എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ എലിവാലിക്കരയില്‍ നിന്നും മത്സരിച്ച തങ്കമ്മ ജോര്‍ജുകുട്ടി വിജയിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റാകാനാണ് സാധ്യത.

പഞ്ചായത്തില്‍ മുഴുവന്‍ സീറ്റുകളിലും മൂന്ന് മുന്നണികളും ശക്തമായ ത്രികോണ മത്സരമാണ് കാഴ്ചവച്ചത്.കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥി വിജയിച്ച ഇരുമ്പൂന്നിക്കരയടക്കം ആറ് സീറ്റുകള്‍ നേടുമെന്ന് ബിജെപി വ്യക്തമാക്കിയതും ഈ ത്രികോണ മത്സരത്തിന്റെ പിന്‍ബലത്തിലാണ്.എന്നാല്‍ പല വാര്‍ഡുകളിലും എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ നടന്ന മത്സരം കുറവാണ്.പല വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ വാര്‍ഡുകള്‍ മാറ്റി മത്സരിപ്പിച്ചതും,പലര്‍ക്കും സീറ്റുകള്‍ നല്‍കാത്തതും വിമതര്‍ രംഗത്തെത്താനും വഴിയൊരുക്കിയിരുന്നു .

മുട്ടപ്പള്ളിയില്‍ സിപിഎം -സിപിഐ മത്സരം,എരുമേലി ടൗണില്‍ നടന്ന ശക്തമായ മത്സരം,കിഴക്കേക്കര- എലിവാലിക്കര വാര്‍ഡുകളില്‍ നടന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ മത്സരം.മുസ്ലിം ലീഗിനെ നല്‍കിയ വാഴക്കാല-നേര്‍ച്ചപ്പാറ വാര്‍ഡുകളിലെ മത്സരം,കനകപ്പലം ശ്രീപുരം കോളനി വാര്‍ഡുകളിലെ മത്സരം, ഉമ്മിക്കുപ്പ,മൂക്കന്‍പെട്ടി വാര്‍ഡുകളിലെ മത്സരം,ഭരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പൊര്യന്‍മല വാര്‍ഡിലെ മത്സരം,പുതിയ സ്ഥാനാര്‍ത്ഥികളുടെ രംഗപ്രവേശനം എല്ലാം മുന്നണികള്‍ക്കും ഗുണവും- ദോഷവും ഉണ്ടാവും എന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.എന്നാല്‍ കഴിഞ്ഞ ഭരണത്തിനെതിരെയുള്ള തിരിച്ചടി യുഡിഎഫിനും -എന്‍ ഡി എക്കും ഗുണകരമാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഏതായാലും മുന്നണികള്‍ അവകാശപ്പെടുന്ന തരത്തിലുള്ള സീറ്റുകള്‍ ലഭിക്കാന്‍ നാളെ ഉച്ചവരെ കാത്തിരിക്കേണ്ടിവരും.എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ വോട്ടുകള്‍ മറിച്ചില്ലെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ ജയിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.എന്നാല്‍ കഴിഞ്ഞ തവണ ഏഴ് സീറ്റുകള്‍ നേടിയ യുഡിഎഫ് ഇത്തവണ 15 അധികം സീറ്റുകള്‍ നേടി എരുമേലി ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.സംസ്ഥാനത്തെയടക്കം വികസന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.എരുമേലി പഞ്ചായത്തില്‍ ഏത് മുന്നണി അധികാരത്തിലേറിയാലും വികസന പദ്ധതികളുടെ വന്‍ കൂമ്പാരമാണ് കാത്തുനില്‍ക്കുന്നത്.മുടങ്ങിയ പദ്ധതികള്‍ -മുടക്കിയ പദ്ധതികള്‍,പാഴായ പദ്ധതികള്‍-പാഴാക്കിയ പദ്ധതികള്‍,അങ്ങനെ നിരവധിയായ പ്രശ്‌നങ്ങളാണ് ഭരണമുന്നണിയെ കാത്തിരിക്കുന്നത്.