Monday, April 29, 2024
keralaNewspolitics

കെ.എം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ നിലപാട്; കേരള കോണ്‍ഗ്രസ്സ് എമ്മിന്റെസ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്.

കെ.എം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ നിലപാട് വിവാദമായതിനിടെ കേരള കോണ്‍ഗ്രസ്സ് എമ്മിന്റെസ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്. തിരഞ്ഞെടുപ്പ് അവലോകനവും ഭരണഘടനാ ഭേദഗതിയുമാണ് മുഖ്യ അജണ്ടയെങ്കിലും മാണിക്കെതിരായ പരാമര്‍ശം യോഗത്തില്‍ വൈകാരിക വിഷയമായി ഉയര്‍ന്നുവരും. യുഡിഎഫും വിഷയം ഏറ്റെടുത്തതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് പാര്‍ട്ടിയും ജോസ് കെ മാണിയും.നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികളായ എംഎല്‍എമാരെ ന്യായീകരിക്കാനാണ് കെ. എം. മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍ വാദിച്ചത്. കേഡര്‍ സ്വഭാവത്തിലെത്തിച്ച് പാര്‍ട്ടിയെ വളര്‍ത്താനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ജോസിനെയും കൂട്ടരേയും വെട്ടിലാക്കുന്നു സര്‍ക്കാര്‍ വാദം. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റെ അജണ്ട തന്നെ തിരുത്തി എഴുതുകയാണ് പുതിയ വിവാദം. സര്‍ക്കാര്‍ നിലപാടിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അണികളില്‍ നിന്ന് ഉയരുന്നത്. ഇതിന്റെ തുടര്‍ചലനങ്ങള്‍ സ്റ്റിയറിങ് കമ്മറ്റി യോഗത്തിലും ഉണ്ടാകും.
അഭിഭാഷകന്റെ പരാമര്‍ശത്തിലെ അതൃപ്തി നേതൃത്വം പ്രസ്ഥാവനയിലൂടെ പ്രകടിപ്പിച്ചതല്ലാതെ ചെയര്‍മാനോ മറ്റു നേതാക്കളോ പരസ്യമായി പ്രതികരിക്കാന്‍ തയാറാകാത്തതിലും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം ശക്തമാണ്. പ്രതിപക്ഷനേതാക്കളായ വി.ഡി.സതീശനും പി.ജെ.ജോസഫും ജോസ് കെ.മാണിക്കെതിരെ രംഗത്തെത്തിയതോടെയാണ് മൗനം വെടിയാന്‍ നേതൃത്വം നിര്‍ബന്ധിതരായത്. പരാമര്‍ശം തിരുത്താന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യവും യോഗത്തില്‍ ഉയരും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഓണ്‍ലൈന്‍ അല്ലാതെ നടത്തുന്ന ആദ്യ സ്റ്റീയറിങ് കമ്മിറ്റിയില്‍ 60 അംഗങ്ങളാണ് പങ്കെടുക്കുക. പാര്‍ട്ടി പുനസംഘടനയുടെ കരട് ചര്‍ച്ച ചെയുന്ന യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തുന്ന ലെവിയുടെ ഘടനയും തീരുമാനിക്കും.