Tuesday, May 14, 2024
keralaNewsObituary

വീട്ടിലെ പ്രസവത്തിനിടെ അമ്മയുടെയും കുഞ്ഞിന്റെയും മരണം; ഭര്‍ത്താവ് റിമാന്‍ഡില്‍

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്റില്‍. നയാസിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്. നരഹത്യാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കൂടുതല്‍ പേരെ പ്രതിചേര്‍ക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യഭാര്യയും, മകളും ചേര്‍ന്നാണ് പ്രസവം എടുത്തതെന്നാണ് വിവരം. ഇക്കാര്യങ്ങളും, അക്യുപങ്ചര്‍ ചികിത്സ നല്‍കിയതുമൊക്കെ അന്വേഷണ പരിധിയിലാണ്. ചൊവാഴ്ച വൈകീട്ടാണ് വീട്ടിലെ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറയും കുഞ്ഞും മരിച്ചത്. ഇരുവര്‍ക്കും നയാസ് ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസിനുണ്ടായതും വലിയ വീഴ്ചയാണ്.ജില്ലയില്‍ അക്യുപങ്ചര്‍ രീതിയില്‍ വീട്ടില്‍ പ്രസവങ്ങള്‍ നടക്കുന്നു എന്ന് ആരോഗ്യവകുപ്പ് നേരത്തെ വിവരം നല്‍കിയിട്ടും പൊലീസ് അവഗണിച്ചു. ആരോഗ്യ വകുപ്പിന്റെ കത്ത് ലഭിച്ചതിന് ശേഷമാണ് ഷമീറയ്ക്ക് ചികിത്സ നിഷേധിക്കുന്നത് അറിഞ്ഞ് പൊലീസ് വീട്ടില്‍ എത്തുന്നതും ഒന്നും ചെയ്യാതെ മടങ്ങിയിരുന്നു.നവംബര്‍, ഡിസംബര്‍ മാസങ്ങളായി നഗരാതിര്‍ത്തിയില്‍ തന്നെ രണ്ട് വീടുകളില്‍ പ്രസവം നടന്നിരുന്നു. അക്യുപങ്ചര്‍ രീതിയിലായിരുന്നു ഈ പ്രസവങ്ങള്‍. ഗ്രാമീണമേഖലകളിലും ചില കേസുകള്‍ കണ്ടെത്തി.
അശാസ്ത്രീയമായ രീതിയില്‍ ഇങ്ങനെ പ്രസവമെടുക്കുന്ന സ്ഥാപനത്തെ കുറിചുളള വിവരം ഉള്‍പ്പെടുത്തി ഡിസംബറില്‍ എസ്.പിക്ക് കത്ത് നല്‍കിയെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. പിന്നെ ഒരു നടപടിയും ഉണ്ടായില്ല. പൊലീസ് സഹായമില്ലാതെ ഇത്തരം സ്ഥാപനങ്ങളെ തടയാനാകില്ല എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. എന്നാല്‍ ബലം പ്രയോഗിച്ച് ഗര്‍ഭിണികളെ ആശിപത്രിയില്‍ കൊണ്ടുപോകാനാകില്ലോ എന്നാണ് പൊലീസ് പറയുന്നത്. പക്ഷെ അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെ കുറിച്ച് മാസങ്ങള്‍ക്ക് മുമ്പേ വിവരം കിട്ടിയിട്ടും, നടപടി ഒന്നും ഉണ്ടായില്ല. ഇത്തരം കേന്ദ്രങ്ങളെ നിരന്തരം നിരീക്ഷിക്കുമെന്നാണ് ജില്ല ആരോഗ്യവകുപ്പ് അറിയിക്കുന്നത്.