Tuesday, May 14, 2024
keralaNewspolitics

കോടതി വിധികളുടെ വിമര്‍ശനം പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ച സബ് ജഡ്ജി രാജിവച്ചു

സുപ്രിം കോടതി, ഹൈക്കോടതി വിധികളെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനു പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ച സബ് ജഡ്ജി രാജിവച്ചു. ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയും പെരുമ്പാവൂര്‍ സബ് ജഡ്ജിയുമായ എസ് സുദീപാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു തപാലില്‍ രാജിക്കത്ത് അയച്ചത്. തന്റെ വിശദീകരണങ്ങള്‍ തള്ളിയാണു പിരിച്ചുവിടല്‍ നോട്ടിസ് നല്‍കിയതെന്നും സുദീപ് ആരോപിച്ചു. 2019 ഡിസംബറിലാണ് സബ് ജഡ്ജി എസ് സുദീപിനെതിരേ അന്വേഷണം തുടങ്ങിയത്. 2020 മാര്‍ച്ച് ആദ്യവാരം റിപോര്‍ട്ട് നല്‍കി. ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റത്തിനു 2019 ഫെബ്രുവരിയില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും താനുള്‍പ്പെടെ അവസാന 5 പേരെ നിയമനം നല്‍കാതെ മാറ്റിനിര്‍ത്തി.                                                                                                                             2019ല്‍ ജൂലൈയില്‍ വീണ്ടും ജില്ലാ ജഡ്ജി കൂടിക്കാഴ്ച നടന്നു. കൂടിക്കാഴ്ച നടന്നതിന്റെ പിറ്റേന്ന് അന്വേഷണത്തിന് അടിസ്ഥാനമായ ചാര്‍ജ് നല്‍കി. 4 പേരെയും ജില്ലാ ജഡ്ജിമാരാക്കിയെങ്കിലും തന്നെ ഫലം അറിയിച്ചിട്ടില്ലെന്നും സുദീപ് ആരോപിക്കുന്നുണ്ട്. സര്‍വീസില്‍ താഴെയുള്ള 50 പേര്‍ ജില്ലാ ജഡ്ജിമാരായെന്നും ടേം തികയും മുമ്പാണ് തൊടുപുഴയില്‍നിന്നു സ്ഥലം മാറ്റിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുദീപ് 19 വര്‍ഷമായി ജുഡീഷ്യല്‍ സര്‍വീസിലുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ന്യായാധിപന്‍മാര്‍ക്ക് യോജിക്കാത്ത വിധത്തില്‍ അഭിപ്രായ പ്രകടനം നടത്തിയെന്ന് ആരോപിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം സുദീപിന് പിരിച്ചുവിടല്‍ നോട്ടിസ് നല്‍കിയിരുന്നു. വിവാദപരമായ കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന ചട്ടം ലംഘിച്ചെന്നാണു സുദീപിനെതിരേ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ ആരോപണം. ഇതിനിടെയാണ് രാജിവച്ചതായി അറിയിച്ച് സാമൂഹിക മാധ്യമം വഴി സുദീപ് അറിയിച്ചത്.                                                                                   തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയിരുന്നപ്പോഴാണു പെരുമ്ബാവൂരില്‍ സബ് ജഡ്ജിയായി നിയമിതനായത്. ‘രാജിക്കത്ത് എന്റെ കീശയില്‍ തന്നെയുണ്ട് എപ്പോള്‍ വേണമെങ്കിലും തരാം’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. കര്‍ക്കടകവാവുമായി ബന്ധപ്പെട്ട ചടങ്ങുകളെ അവഹേളിച്ചു, മതവികാരത്തെ വ്രണപ്പെടുത്തി, ശബരിമല അയ്യപ്പന്റെ ബ്രഹ്‌മചര്യത്തെ പരാമര്‍ശിച്ചു പോസ്റ്റിട്ടു, ശബരിമല വിധിയെ അഭിനന്ദിക്കുന്നുവെന്ന വ്യാജേന അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തി, ഫ്ളക്സ് വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധിയെ വളച്ചൊടിച്ചു പോസ്റ്റിട്ടു തുടങ്ങിയവയാണ് തനിക്കെതിരേ അന്വേഷണ ഉദ്യോഗസ്ഥനായ സീനിയര്‍ ജില്ലാ ജഡ്ജിയുടെ കുറ്റാരോപണത്തിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.