Thursday, May 2, 2024
keralaNewspolitics

പത്ത് മണ്ഡലങ്ങളിലും തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി.

എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് നേതൃയോഗം ചേരും. പതിമൂന്നില്‍ പത്ത് മണ്ഡലങ്ങളിലും തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി. കടുത്തുരുത്തി, റാന്നി സീറ്റുകളിലാണ് ഒന്നിലധികം പേരുകള്‍ പരിഗണനയിലുള്ളത്. പാലായില്‍ ജോസ് കെ മാണിയെന്നതില്‍ തര്‍ക്കമില്ല. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജും തന്നെ. പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍, പെരുമ്പാവൂരില്‍ ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, കുറ്റ്യാടിയില്‍ മുഹമ്മദ് ഇഖ്ബാല്‍, ഇരിക്കൂറില്‍ സജി കുറ്റിയാനിമറ്റം എന്നിവര്‍ സ്ഥാനാര്‍ഥികളാകും. അഭിമാന പോരാട്ടം നടക്കുന്ന കടുത്തുരുത്തിയില്‍ മോന്‍സിനെതിരെ ആരെന്ന ചോദ്യത്തിന് ഉത്തരമായില്ല.സ്റ്റീഫന്‍ ജോര്‍ജ്, നിര്‍മല ജിമ്മി, സക്കറിയാസ് കുതിരവേലി എന്നിങ്ങനെ നീളുന്നു പരിഗണന പട്ടിക. റാന്നിയില്‍ ജനറല്‍ സെക്രട്ടറി പ്രമോദ് നാരായണന്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എന്‍ എം രാജു എന്നിവരാണ് പരിഗണനയില്‍. ചാലക്കുടിയില്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ ഡെന്നിസ് കെ ആന്റണിക്കാണ് പരിഗണന. പിറവത്ത് ജില്‍സ് പെരിയപുറമാണ് പട്ടികയില്‍. നേതൃയോഗത്തിനുശേഷം അന്തിമ സ്ഥാനാര്‍ഥി പട്ടിക എല്‍ഡിഎഫിന് കൈമാറും.