Tuesday, April 30, 2024
keralaNews

കവളപ്പാറയില്‍ എല്ലാം നഷ്ടമായ മുപ്പത്തിരണ്ട് കുടുംബങ്ങള്‍ ദുരിതത്തില്‍

കവളപ്പാറയില്‍ എല്ലാം നഷ്ടമായ 32 ആദിവാസി കുടുംബങ്ങള്‍. വീടു നിര്‍മാണത്തിന് ഐ.ടി.ഡി.പി പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ വിതരണം ചെയ്യുന്നത് അനിശ്ചിതമായി നീളുന്നു. ഇതോടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി വീടിനായി കാത്തിരിക്കുന്ന ആദിവാസികള്‍ കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപില്‍ തന്നെ തുടരേണ്ട ഗതികേടിലാണ്.

കവളപ്പാറ ദുരന്തത്തില്‍ ഉറ്റവര്‍ക്കൊപ്പം ആകെയുണ്ടായിരുന്ന കൂരയും ഭൂമിയും നഷ്ടമായ കുടുംബങ്ങള്‍ വീടു നിര്‍മാണം ഇനിയെങ്കിലും പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലായിരുന്നു രണ്ടു മാസം മുന്‍പു വരേയും. ചുമരും മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് നിര്‍മാണവും പൂര്‍ത്തിയായിക്കഴിഞ്ഞു. ചുമരു തേക്കാനും നിലം നിര്‍മാണത്തിനും വാതിലും ജനലും ഉറപ്പിക്കാനുമെല്ലാം ഐ.ടി.ഡി.പി പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ കൂടിയുണ്ടെങ്കിലേ സാധ്യമാകൂ.

ആനക്കല്ലില്‍ ആദിവാസി കുടുംബങ്ങള്‍ക്കു മാത്രമായി 3.57 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് 10 സെന്റു ഭൂമി വീതമാണ് ഓരോരുത്തര്‍ക്കും കൈമാറിയത്. ഐ.ടി.ഡി.പി വഴി നല്‍കുമെന്നറിയിച്ച ഫണ്ടുവിതരണം അനിശ്ചിതമായി വൈകുന്നതിന്റെ കാരണംപോലും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നില്ല. കവളപ്പാറ ദുരന്തകാലം മുതല്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാംപിലെ ജീവിതം കോളനിക്കാര്‍ക്ക് ശരിക്കും ദുരിതാണ്.