Monday, May 6, 2024
keralaNewsUncategorized

ശബരീശ സന്നിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എത്തി

ശബരിമല:ശബരിമല യുവതി പ്രവേശന വിധിയിലെ വേറിട്ട ശബ്ദമായി നിന്ന് നിരീക്ഷണങ്ങള്‍ നടത്തി വിധിയെഴുതിയ മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ദര്‍ശനത്തിനായി ശബരീശ സന്നിധിയില്‍ എത്തി.  വെള്ളിയാഴ്ച രാത്രി പമ്പയില്‍ നിന്ന് സന്നിധാനത്തത്തിയ അവര്‍ മേല്‍ശാന്തിയില്‍ നിന്ന് പ്രസാദം സ്വീകരിച്ചു. യുവതീപ്രവേശനത്തെ ശക്തമായി എതിര്‍ത്ത ഇന്ദു മല്‍ഹോത്രയുടെ വിധിന്യായം ഭക്തജനലക്ഷങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു.                                       

യുവതി പ്രവേശന വിധിക്കെതിരെ ഭക്തജനസംഘടനകള്‍ പുനപരിശോധന ഹര്‍ജികളില്‍ ഉടനീളം ഉന്നയിച്ചത് ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിരീക്ഷണങ്ങളായിരുന്നു.        ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ നാലുപേരും യുവതി പ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ കൃത്യമായ നിരീക്ഷണങ്ങളിലൂടെ തന്റെ വിയോജിപ്പ് അടിവരയിട്ട് പറഞ്ഞായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിന്യായം. മറ്റുള്ളവര്‍ ലിംഗസമത്വവും തൊട്ടുകൂടായ്മയും മാത്രം പരിഗണിച്ചപ്പോള്‍ മത ആചാരങ്ങളില്‍ കോടതി ഇടപെടേണ്ടെന്നായിരുന്നു ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിരീക്ഷണം.ആചാരങ്ങള്‍ സമൂഹത്തെ ഹാനികരമായി ബാധിക്കുന്നില്ലെങ്കില്‍ ഇടപെടേണ്ട ആവശ്യമില്ല. ഒരു മതത്തിന്റെ വിശ്വാസികളാണ് ആചാരങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഇന്ദു മല്‍ഹോത്ര വിധിയെഴുതിമതനിരപേക്ഷത നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഏതൊരു മതവിഭാഗത്തിനും അവരുടെ വിശ്വാസത്തിനനുസരിച്ച് ആചാരവും അനുഷ്ഠാനവും തീരുമാനിക്കാം. യുക്തിക്കനുസരിച്ച് വിശ്വാസത്തെ മാറ്റുന്നത് ശരിയല്ല. വിവേചനമല്ല, മറിച്ച് മതവിശ്വാസത്തെ മാനിക്കാന്‍ എല്ലാവരും തയ്യാറകണമെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.