Saturday, May 4, 2024
BusinessindiaNews

ക്രിപ്‌റ്റോ കറന്‍സികളും കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കും.

ബിറ്റ് കോയിന്‍ ഉള്‍പ്പെടെ രാജ്യത്ത് നിലവിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ ഇറക്കും. ഇതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ശിപാര്‍ശ അനുസരിച്ചാണ് തീരുമാനമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സര്‍ക്കാര്‍ പുറത്തിറക്കുന്ന വെര്‍ച്ച്വല്‍ കറന്‍സികള്‍ക്ക് മാത്രമായിരിക്കും അംഗീകാരം.ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്ക് സാധ്യതയുണ്ടോയെന്ന ചോദ്യത്തിനായിരുന്നു രാജ്യസഭയില്‍ മന്ത്രിയുടെ മറുപടി.

ക്രിപ്‌റ്റോ കറന്‍സികള്‍ മുഖേനയുള്ള ബാങ്ക് ഇടപാടുകള്‍ റിസര്‍വ്വ് ബേങ്ക് നേരത്തെ വിലക്കിയിരുന്നു. 2018-19 ലെ ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയും ക്രിപ്‌റ്റോ കറന്‍സികളെ അംഗീകൃത ഇടപാടുകള്‍ക്കുള്ള വിനിമയോപാധിയായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.സുപ്രീം കോടതി ക്രിപ്‌റ്റോ കറന്‍സികള്‍ മുഖേനയുള്ള ഇടപാടുകളുടെ വിലക്ക് നീക്കിയതോടെ, സര്‍ക്കാര്‍ ബില്ല് കൊണ്ടുവരികയായിരുന്നു. ഉടന്‍ തന്നെ ബില്ലിന് അംഗീകാരം നല്കും. ആര്‍.ബി.ഐ, സെബി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്രിപ്‌റ്റോ കറന്‍സി നിയന്ത്രിക്കാന്‍ നിലവില്‍ നിയമ ചട്ടക്കൂടുകളില്ല. കറന്‍സികളോ ആസ്തികളോ ചരക്കുകളോ ഏതെങ്കിലും സെക്യൂരിറ്റിയോ ആയി പരിഗണിക്കാനായി നിയമ പ്രകാരം കഴിയാത്തത് കൊണ്ടാണിത്. രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സിക്ക് ബദലായി ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരുമെന്ന് റിസര്‍വ്വ് ബാങ്കധികൃതര്‍ സൂചന നല്കുന്നുണ്ട്.