Tuesday, April 30, 2024
keralaNewsUncategorized

ഇടുക്കി അണക്കെട്ടിലെ സുരക്ഷാ വീഴ്ച: 6 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് ആറ് പോലീസുകാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശി ഡാമില്‍ എത്തിയ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടി. പരിശോധനയില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് ഔദ്യോഗിക വിശദീകരണം. ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയില്‍ താഴുകളിട്ടു പൂട്ടിയ സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിദേശത്തേക്ക് കടന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ആലോചിക്കുന്നുണ്ട്. സംഭവത്തിന് ശേഷം വിദേശത്തേക്ക് പോയ പാലക്കാട് ഒറ്റപ്പാലം സ്വദേശി തിരികെ എത്താത്തതിനെ തുടര്‍ന്നാണ് നടപടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള റിപ്പോര്‍ട്ട് ഇടുക്കി എസ് പി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദം ബന്ധം ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര – സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണം എന്നാണ് ആവശ്യം. അണക്കെട്ടിലെ സുരക്ഷ സംബന്ധിച്ച് ആര്‍ക്കെങ്കിലും സൂചന നല്‍കാനാണോയെന്നും സംശയിക്കുന്നുണ്ട്. ഒറ്റപ്പാലം സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൃത്യമായി കാര്യങ്ങള്‍ അറിയാന്‍ കഴിയൂവെന്നാണ് പോലീസിന്റെ നിലപാട്.