Sunday, May 5, 2024
keralaNewsObituary

വൈദ്യുതി ലൈനിലേക്ക് പരസ്യ ബോര്‍ഡ് വീണ് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : പേരാമ്പ്ര ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജംഗ്ഷന് സമീപം സംസ്ഥാന പാതയ്ക്കരികിലെ പറമ്പില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം. ബോര്‍ഡ് സ്ഥാപിക്കുന്നതിനിടയില്‍ സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു.ഉടന്‍ പേരാമ്പ്രയില്‍ നിന്ന് കെഎസ്ഇബി അധികൃതര്‍ എത്തി ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. കൂടെ സഹായിയായി മറ്റൊരു യുവാവ് ഉണ്ടായിരുന്നു. ഇയാള്‍ക്ക് ഷോക്കേറ്റില്ല. അജ്വ എന്ന പരസ്യ സ്ഥാപനം നടത്തി വരുകയാണ് മുനീബ്. യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്റ്, മണ്ഡലം കൗണ്‍സിലര്‍, എസ്‌കെഎസ്എസ്എഫ് പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ചെറുകുന്നത്ത് മൂസ – സറീന ദമ്പതികളുടെ മകനാണ്. സഹോദരി മുഹസിന.