Sunday, April 28, 2024
HealthkeralaNews

കളമശേരി സ്‌ഫോടനം ആഘാതം മൂലം മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പിന്തുണ നല്‍കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കളമശേരി സ്‌ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ സംഘത്തിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കളമശേരി സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ സെക്കന്ററിതല ചികിത്സ, മാനസിക പിന്തുണ ഉറപ്പാക്കല്‍, നിലവിലെ സ്ഥിതി എന്നിവ അവലോകനം ചെയ്യുന്നതിനായി തിരുവനന്തപുരത്ത് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്.

സ്‌ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും ഇതുവഴി മാനസിക പിന്തുണ ഉറപ്പാക്കും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ് മാനസികാരോഗ്യ സംഘത്തിലുള്ളവരെന്നും മാനസികാരോഗ്യ പരിപാടി, ടെലി മനസ് എന്നിവയിലൂടെയാണ് മാനസിക പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു. മാനസിക ബുദ്ധിമുട്ട് കൂടുതലുള്ളവര്‍ക്ക് നേരിട്ടുള്ള സേവനവും ഉറപ്പാക്കും. നിസാര പരിക്കേറ്റവര്‍ക്കും മറ്റുള്ളവര്‍ക്കും ഫോണ്‍ വഴി മാനസിക പിന്തുണ നല്‍കും.

ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് അതത് ആശുപത്രികളുടെ പിന്തുണയോടെയും സേവനം നല്‍കും. കൂടാതെ മാനസിക പിന്തുണ ആവശ്യമായവര്‍ക്ക് ടെലിമനസ് 14416 എന്ന നമ്പരിലും വിളിക്കാവുന്നതാണെന്നും ആവശ്യമെങ്കില്‍ സ്വകാര്യ മാനസികാരോഗ്യ വിദഗ്ധരുടേയും സംഘടനകളുടേയും പിന്തുണ തേടുമെന്നും മന്ത്രി വ്യക്തമാക്കി.ചികിത്സ തേടിയെത്തിയ ആകെ 53 പേരില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ളത്. അതില്‍ 16 പേരാണ് ഐസിയുവിലുള്ളത്. കളമശേരി മെഡിക്കല്‍ കോളേജ് 3, രാജഗിരി 4, എറണാകുളം മെഡിക്കല്‍ സെന്റര്‍ 4, സണ്‍റൈസ് ആശുപത്രി 2, ആസ്റ്റര്‍ മെഡിസിറ്റി 2, കോട്ടയം മെഡിക്കല്‍ കോളേജ് 1 എന്നിങ്ങനെയാണ് ഐസിയുവില്‍ ചികിത്സയിലുള്ളവര് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള 3 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.

അവര്‍ക്ക് പരമാവധി ചികിത്സ നല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്. ചിലര്‍ക്ക് സര്‍ജറിയും ആവശ്യമാണ്. ഇവര്‍ക്കുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളേജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. കളമശേരി സ്ഫോടനത്തില്‍ വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രണ്ടാംഘട്ട ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ്ലൈന്‍ ഈ ആഴ്ച കൂടി പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.