Sunday, May 5, 2024
keralaNews

വെറുതെ വിട്ടു

ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്തന്‍ എന്ന കോടതിയില്‍ നിന്നുള്ള വിധി. വ്യവസ്ഥാപിത സഭ സമൂഹത്തിനെതിരെ നീതി തേടി ദൈവത്തിന്റെ മാലാഖമാര്‍ 13 ദിവസമാണ് തെരുവില്‍ സമരമിരുന്നത്. പീഡനപരാതിയില്‍ കുറവിലങ്ങാട് പൊലീസ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അതോടെയാണ് മഠത്തിന്റെ മതില്‍ക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളുടെ ശബ്ദം ഉയര്‍ന്നത്. സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ അഞ്ച് പേര്‍ സമരത്തിനിറങ്ങി. കോട്ടയത്ത് നിന്ന് കൊച്ചിയിലെ വഞ്ചി സ്‌ക്വയറിലേക്ക് അപ്രതീക്ഷിതമായിരുന്നു ആ കടന്ന് വരവുണ്ടായത്. സഹപ്രവര്‍ത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്റെ അറസ്റ്റ് എന്നതായിരുന്നു ആവശ്യം.

ഒരു കൂട്ടായ്മയുടെയോ സംഘടനയുടെയോ പിന്‍ബലമില്ലാതെ നിലപാടിന്റെ ഉറപ്പിലായിരുന്നു പൊതുസമൂഹത്തിന്റെ മനസാക്ഷിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് അവരെത്തിയത്. തുടര്‍ച്ചയായി രണ്ടാം ദിവസവും കന്യാസ്ത്രീമാര്‍ വഞ്ചി സ്‌ക്വയറിലെത്തി. മാധ്യമവാര്‍ത്തകളിലൂടെ വിഷയം പൊതുശ്രദ്ധയിലെത്തിയെങ്കിലും മൂന്നാം ദിവസമാണ് പ്രതിഷേധത്തിന് സമരരൂപമാകുന്നത്. ക്രൈസ്ത സഭയിലെ നീതി നിഷേധങ്ങള്‍ക്കെതിരെയും പീഡനങ്ങള്‍ക്കെതിരെയും സഭക്കുള്ളില്‍ നിന്ന് തന്നെ ശബ്ദം ഉയര്‍ത്തുന്ന ഒരു കൂട്ടം വൈദികരുടെ പിന്തുണയില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിനൊപ്പം ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി കണ്‍വീനറായി SAVE OUR SISTERS എന്ന സംഘടനയ്ക്ക് രൂപം നല്‍കി. പിന്നാലെ സംസ്ഥാനത്തെ സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ സജീവമുഖങ്ങള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു.

ഹൈക്കോടതി ജംഗ്ഷനിലെ സമരകേന്ദ്രം വിഷയത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. കന്യാസ്ത്രീയുടെ സഹോദരിക്കൊപ്പം,ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ അംഗങ്ങളും, സമൂഹപ്രവര്‍ത്തകരും നിരാഹാര സമരം തുടങ്ങി. ഉണര്‍ത്തുപാട്ടുമായി നാടകപ്രവര്‍ത്തകരെത്തി, ഗൗരിയമ്മയുടെയും ഗോപിയാശാന്റെയും ഐക്യദാര്‍ഢ്യ പ്രസ്താവനകള്‍ സമരപന്തലില്‍ മുഴങ്ങി. കോഴിക്കോടും തിരുവനന്തപുരത്തും സമരകേന്ദ്രങ്ങള്‍ ഉയര്‍ന്നു. പ്രത്യക്ഷ സമരം തുടങ്ങിയതോടെ നടപടികളുമായി ജലന്ധര്‍ രൂപതയും രംഗത്തെത്തി. പീഡനം നേരിട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടായിരുന്നു പ്രതികാരം. അറസ്റ്റെന്ന ആവശ്യം ശക്തമായതോടെ ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഇതിന് ഓരോന്നിനും സമരപന്തലിലിരുന്ന കന്യാസ്ത്രീമാര്‍ കൃത്യമായ മറുപടികള്‍ നല്‍കി.