Friday, May 17, 2024
keralaNewsObituary

മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു

തിരുവനന്തപുരം; രാത്രി വീട്ടിലെത്തിയ യുവാവിനെ ഗൃഹനാഥന്‍ കുത്തിയ സംഭവത്തിനു പിന്നില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്ന് പൊലീസ്. കള്ളനാണെന്നു കരുതിയാണ് കുത്തിയതെന്ന ഗൃഹനാഥന്‍ ലാലുവിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. രണ്ടാം നിലയില്‍വച്ചാണ് പേട്ട സ്വദേശി അനീഷ് ജോര്‍ജിന് (19) കുത്തേറ്റത്. അനീഷും ലാലുവിന്റെ മകളും തമ്മില്‍ പള്ളിയില്‍വച്ച് പരിചയം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

അനീഷ് ജോര്‍ജ് രാത്രി വീട്ടിലെത്തിയതെന്തിന്, നേരത്തെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പേട്ട പൊലീസ് പറഞ്ഞു. ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. പേട്ട ചായക്കുടി ലൈനിലാണ് ലാലുവിന്റെ വീട്. രണ്ടു വീടുകളും തമ്മില്‍ ഒരു കിലോമീറ്ററില്‍ താഴെ ദൂരം മാത്രമേ ഉള്ളൂ. അനീഷ് ജോര്‍ജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്.

പുലര്‍ച്ചെ 3 മണിയോടെ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നാണ് ലാലു പൊലീസിനോട് പറഞ്ഞത്. നിരീക്ഷിച്ചപ്പോള്‍ ഒരാള്‍ വീട്ടു വളപ്പില്‍ ഉണ്ടെന്നു മനസിലായി. കള്ളനാണെന്നു കരുതിയാണ് സ്വരക്ഷയ്ക്കായി കത്തിയെടുത്തത്. അടുത്തേക്കെത്തിയപ്പോള്‍ പ്രതിരോധിക്കാനായി കുത്തിയതാണെന്നും ലാലു പൊലീസിനോടു പറഞ്ഞു. ലാലു തന്നെയാണ് രാവിലെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി കുത്തിയ കാര്യം അറിയിച്ചത്. കള്ളനാണെന്ന് കരുതി ഒരാളെ കുത്തിയെന്നും അയാള്‍ വീട്ടില്‍ കിടക്കുന്നതായും പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പേട്ട പൊലീസ് വീട്ടിലെത്തി. അനീഷിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു.