Monday, May 6, 2024
keralaNews

ജോലി വാഗ്ദാനംതട്ടിപ്പ് : എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

കൊച്ചി :വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രണ്ടര കോടിയിലധികം രൂപ തട്ടിയെന്ന പരാതിയെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. എറണാകുളം റേഞ്ച് എക്സൈസ് സിവില്‍ ഓഫീസര്‍ എ.ജെ അനീഷിനെയാണ് സസ്പെന്റ് ചെയ്തത്. 66 ആളുകളില്‍ നിന്നായി രണ്ടര കോടിയിലധികം രൂപ അനീഷ് തട്ടിയെടുത്തെന്നാണ് പരാതി. റഷ്യയിലെ കൃഷി തോട്ടങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പരാതി ഉയര്‍ന്നതോടെ അനീഷ് ഒളിവിലാണ്. റഷ്യയിലുള്ള ഇമ്മാനുവല്‍ എന്ന യുവാവാണ് ജോലി ഒഴിവുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ അനീഷിനെ സമീപിക്കാനും ഇവരോട് പറഞ്ഞത്. തുടര്‍ന്ന് ആളുകള്‍ അനീഷിനെ സമീപിക്കുകയായിരുന്നു. 2 മുതല്‍ 9 ലക്ഷം രൂപവരെ ഇയാള്‍ തട്ടിയെന്നാണ് പരാതി. ഇത്രയും വലിയ തുക നല്‍കുമ്പോള്‍ രേഖ വേണമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ജോലി ഉള്ളതിനാല്‍ തനിക്ക് കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. പണം നഷ്ടപ്പെട്ടവര്‍ അനീഷിന്റെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.