Wednesday, April 24, 2024
keralaNews

കോട്ടയത്ത് അങ്കണവാടിയുടെ ഭിത്തി തകര്‍ന്നുവീണു: ഒരു കുട്ടിക്ക് പരിക്ക്

വൈക്കം: അങ്കണവാടിയുടെ ഭിത്തി തകര്‍ന്നുവീണു. കോട്ടയം വൈക്കം പോളശ്ശേരി കായിക്കരയിലെ അങ്കണവാടി കെട്ടിടത്തിന്റ ഭിത്തിയാണ് കുട്ടികള്‍ പഠിക്കുന്നതിനിടെ ഇടിഞ്ഞുവീണത്. ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.കായിക്കര പനയ്ത്തറ അജീഷിന്റ മകന്‍ ഗൗതമിനാണ് പരിക്കേറ്റത്. മൂന്ന് വയസുളള കുട്ടിയുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ 11 ഓടെയാണ് അപകടം സംഭവിച്ചത്. പതിനഞ്ചോളം കുട്ടികള്‍ ഉള്ള അങ്കണവാടിയില്‍ രണ്ടു കുട്ടികള്‍ മാത്രമാണ് ഇന്ന് എത്തിയത്. കൂടുതല്‍ കുട്ടികള്‍ എത്താതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കെട്ടിടത്തിന് പുറത്തേക്കാണ് ഭിത്തി ഇടിഞ്ഞുവീണത്. കുട്ടികള്‍ ഇരുന്ന മുറിയിലേക്ക് വീഴുകയായിരുന്നെങ്കില്‍ അപകടത്തിന്റെ ആഘാതം വലുതായേനെ.വീടിനോടു ചേര്‍ന്നുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് ഇവിടെ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. വെളളം കയറി അടിഭാഗം മുഴുവന്‍ ബലക്ഷയം വന്ന കെട്ടിടമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഒരു വശത്തെ ഭിത്തി പൂര്‍ണമായി ഇടിഞ്ഞ നിലയിലാണ്. ഇടിഞ്ഞ ഭാഗത്ത് ജന്നല്‍ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ബാക്കി ഭിത്തി ഇടിയാതിരുന്നത്. ജന്നലിന്റെ താഴെ വരെ കല്ലുകള്‍ ഇളകി നില്‍ക്കുകയാണ്.ഇത്ര ബലക്ഷയമുണ്ടായിട്ടും ഈ കെട്ടിടത്തില്‍ തന്നെ അങ്കണവാടി തുടരാന്‍ അനുവദിച്ചത് അധികൃതരുടെ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാനുളള ഉപകരണങ്ങള്‍ പോലും വേണ്ടത്ര ഇല്ലാത്ത നിലയിലായിരുന്നു ഈ അങ്കണവാടിയെന്നാണ് വിവരം.