Saturday, May 4, 2024
keralaNews

എരുമേലിയിൽ ജനസഹസ്രങ്ങൾ പേട്ടതുള്ളി ആനന്ദ നിർവൃതി നേടി

എരുമേലി: ശരണ മന്ത്രങ്ങളുടെ പുണ്യഭൂമിയായ എരുമേലിയിൽ  ജനസഹസ്രങ്ങൾ പേട്ടതുള്ളി ആനന്ദ നിർവൃതി നേടി. ദേഹമാസകലം വിവിധതരം ചായം പൂശിയും ഇലകൾ കൊണ്ട് വീശിയും വാദ്യമേള കൊഴുപ്പിന്റെ അകമ്പടിയോടെ ആദ്യത്തെ സംഘമായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളൽ ആരംഭിച്ചത്.
അയ്യപ്പ  തിന്തക തോം തോം 
 സ്വാമി തിന്തകത്തോം തോം 
എന്ന ശരണമന്ത്ര ധ്വനികൾ ഏറ്റുപാടിയാണ് ഇവർക്കൊർപ്പം  ജനലക്ഷങ്ങൾക്കൊപ്പം തുള്ളിയത്.മാതൃസ്ഥാനീയരായ അമ്പലപ്പുഴ പേട്ട തുള്ളൽ രാവിലെ 11 30 ഓടെയാണ് പേട്ട കൊച്ച് അമ്പലത്തിൽ നിന്നും ആരംഭിച്ചത്.  ധനു രാശിയിൽ ഉദിച്ചുയർന്ന സൂരന്റെ പൊൻകിരണങ്ങൾ പതിഞ്ഞ നീലാകാശത്തിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാൻ  ഗരുഡന്റെ   രൂപത്തിൽ എരുമേലിയിൽ എത്തി വട്ടമിട്ട്  പറന്നു അനുഗ്രഹം ചൊരിഞ്ഞതിന് ശേഷമാണ് സമൂഹ പെരിയോൻ എൻ.  ഗോപാലകൃഷ്ണപിള്ള ഗുരുസ്വാമിയുടെ നേതൃത്വത്തിൽ പേട്ടതുള്ളൽ നിന്നും ഇറങ്ങിയത്. ചുട്ടുപഴുത്ത ഭൂമിയെയും ആകാശത്തെയും സാക്ഷിയാക്കി ആകാശ നെറുകയിൽ വെള്ളിനക്ഷത്രം തെളിഞ്ഞതോടെയാണ് രണ്ടാമത്തെ സംഘമായ ആലങ്ങാട്ടു ദേശക്കാരുടെ  പേട്ടതുള്ളൽ  ആരംഭിച്ചത്.
ശരീരമാസകലം കളഭ ചന്ദനം വാരിത്തേച്ച് ഉടുക്കു പാട്ടിന്റെ  താളത്തിനൊത്ത് നൃത്തം ചെയ്താണ് സംഘം പെരിയാൻ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള
പിതൃ സ്ഥാനീയരായ  സംഘം ഉച്ചകഴിഞ്ഞ് 3 .30 ഓടെ കൊച്ചമ്പലത്തിൽ നിന്നും പേട്ട തുള്ളൽ ആരംഭിച്ചത്.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും, വാദ്യമേളങ്ങളുടേയും നിറസാന്നിധ്യത്തോടെയാണ് ഇരു സംഘങ്ങളും പേട്ടതുള്ളൽ നടത്തിയത് . പേട്ട കൊച്ചമ്പലം മേൽശാന്തി കെ മനോജ് സംഘങ്ങളുടേയും പൊൻ തിടമ്പ് പൂജിച്ച് ആചാരപൂർവ്വമായ സ്വീകരണം നൽകി.ആചാരങ്ങളുടെ  ഭാഗമായി അമ്പലപ്പുഴ ദേശക്കാർ പള്ളിയിൽ കയറി സ്വീകരണം ഏറ്റുവാങ്ങി.വാവരുടെ പ്രതിനിധിയായി ടി എസ് ആസാദിനെയും കൂടെ കൂട്ടിയാണ് അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ തുടർന്നത്  .അമ്പലപ്പുഴ  സംഘത്തോടൊപ്പം വാവരും പോയി എന്ന വിശ്വാസത്താൽ  ആലങ്ങാട്ടു സംഘം പള്ളിയിൽ കയറാതെയാണ് തുടരുന്നത്. ഇരു  സംഘങ്ങളുടെയും പേട്ടതുള്ളലിന്  വിവിധ സ്ഥലങ്ങളിൽ ഭക്ത്യാദരപൂർവ്വമായ സ്വീകരണമാണ് നൽകിയത് . പേട്ടതുള്ളൽ  സമാപിക്കുന്ന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ  എത്തിയ പേട്ട  സംഘങ്ങളെ  ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി പൂർണ്ണകുംഭം  നൽകിയാണ് എതിരേറ്റത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, അഡ്വക്കേറ്റ് എസ് എസ് ജീവൻ , തിരുവാഭരണ കമ്മീഷണർ ജി ബൈജു , ദേവസം കമ്മീഷണർ ഡി പ്രകാശ് , പത്തനംതിട്ട  ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ  ജി. സുനിൽ ,മുണ്ടക്കയം  ദേവസം അസിസ്റ്റൻറ് കമ്മീഷണർ പ്രകാശ് , എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീധര ശർമ്മ എന്നിവർ ഹരാർപ്പണം ചെയ്താണ് ഇരുസംഘങ്ങളെയും സ്വീകരിച്ചത് . എരുമേലിയിലെ ചടങ്ങുകൾ പൂർത്തിയാക്കി നാളെ  രാവിലെ ഇരു സംഘങ്ങളും ശബരിമലയ്ക്ക് യാത്ര തിരിക്കും. കഴിഞ്ഞ രണ്ടു വർഷത്തെ ഇടവേളക്കുശേഷം നടന്ന ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ നേരിൽ കാണാൻ 10000 കണക്കിന് ഭക്തജനങ്ങളാണ് റോഡിന് ഇരുവശവും തടിച്ചു കൂടിയത്.