Saturday, May 4, 2024
keralaLocal NewsNews

ശബരിമല വിമാനത്താവളം; മണ്ണ് പരിശോധന റിപ്പോർട്ട് അനുകൂലം

എരുമേലി വീണ്ടും ചർച്ച കേന്ദ്രമാകുന്നു                                                                   

എരുമേലി: ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ ശബരിമല അന്താരാഷ്ട്ര  വിമാനത്താവളം  നിർമ്മാണവുമായി ബന്ധപ്പെട്ട്  വീണ്ടും  ചർച്ച കേന്ദ്രമാകുന്നു.  മാസങ്ങൾക്ക് മുമ്പ് നടന്ന മണ്ണ് പരിശോധന റിപ്പോർട്ട് അനുകൂലമായതോടെയാണ് പദ്ധതിക്കായി ആവശ്യമുള്ള സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എരുമേലി – മണിമല വില്ലേജുകളിൽ ഉൾപ്പെട്ടു കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലെ 2570  ഏക്കറും – ചെറുവള്ളി തോട്ടത്തിന് പുറത്ത് 307 ഏക്കറുമാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പദ്ധതിയുടെ നിർമ്മാണത്തിന്  തുടർച്ചയെന്നോണം മാസങ്ങൾക്ക് മുമ്പ് എട്ട് ഭാഗങ്ങളിലായി  മണ്ണ് പരിശോധന നടന്നിരുന്നു . ചെറുവള്ളി  തോട്ടത്തിൽ ആറ് സ്ഥലത്തും , തോട്ടത്തിന് പുറത്തായി ഒഴക്കനാടിന് സമീപവും – ഓരുങ്കൽകടവ് റോഡ് ഭാഗത്തായുമാണ്  മണ്ണ് പരിശോധന നടന്നത്. ലൂയിസ് ബർഗ് എന്ന ഏജൻസിയാണ്  പദ്ധതിയുടെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത് . ചെറുവള്ളിത്തോട്ടത്തിലെ 400 ഓളം വരുന്ന  കുടുംബവും,  290
തൊഴിലാളികളും ,  തോട്ടത്തിന് പുറത്ത് വരുന്ന 307 ഏക്കറിൽ താമസിക്കുന്ന കുടുംബങ്ങളും പദ്ധതിയുടെ നിർമ്മാണത്തിനായി താമസം മാറുകയും , മറ്റുള്ളവർ  സ്ഥലം വിട്ടുകൊടുക്കേണ്ടിയും വരും . എരുമേലി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ്  ചെറുവള്ളി എസ്റ്റേറ്റിൽ നിലവിൽ 900 വോട്ടർമാരാണ് ഉള്ളത് .  ചെറുവള്ളി എസ്റ്റേറ്റില്‍ മണിമല പഞ്ചായത്ത് അതിര്‍ത്തി പങ്കിടുന്ന ഭാഗത്തെ 150 ഏക്കറും,ബാക്കി വരുന്ന സ്ഥലം എരുമേലി തെക്ക് വില്ലേജില്‍ നിന്നും ഏറ്റെടുക്കാനാണ് നിര്‍ദ്ദേശം.                                                                     
വിമാനത്താവള പദ്ധതിക്കായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നാണ് പറയുന്നത് .എന്നാല്‍ എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ തൊഴിലാളികള്‍ക്കും , എസ്റ്റേറ്റിന് പുറത്ത് താമസിക്കുന്നവര്‍ക്കും ലഭിക്കാവുന്ന നഷ്ടപരിഹാരം സംബന്ധിച്ച് ചര്‍ച്ചകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഭൂമിവിട്ടു നല്‍കാന്‍ സന്നദ്ധമാണെന്ന് എസ്റ്റേറ്റ് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിലുള്ള ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള കേസുകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. ചെറുവള്ളി തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലനില്‍ വിവിധ കോടതികളില്‍ അഞ്ച് കേസുകളും ഉണ്ട്. കോടതി കേസുകള്‍ തീര്‍പ്പാക്കിയും,ഭൂമി സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. എന്നാൽ വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ  ഉടമസ്ഥാവകാശ സംബന്ധിച്ച് നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിച്ചാൽ മാത്രമേ സ്ഥലം വിട്ടു നൽകാൻ കഴിയൂയെ ന്നും ചെറുവള്ളിത്തോട്ടം അധികൃതർ പറയുന്നു.