Monday, May 6, 2024
keralaNewsObituary

കൊലപാതകം ചായയുടെ 50 പൈസയുടെ പേരില്‍

എറണാകുളം:  ചായയുടെ വിലയുമായി ബന്ധപ്പെട്ട് അമ്പത് പൈസയുടെ പേരില്‍ പറവൂരില്‍ ഹോട്ടലില്‍ അതിക്രമിച്ച് കയറി ഉടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കടയില്‍ അതിക്രമിച്ചു കയറി കുറ്റകൃത്യം ചെയ്തതിന് ഏഴു വര്‍ഷം തടവും 50,000 രൂപ പിഴയും അടക്കണം. ചായയുടെ വിലയുമായി ബന്ധപ്പെട്ട് അമ്പത് പൈസയുടെ പേരില്‍ നടന്ന തര്‍ക്കത്തിനിടെയാണ് ഹോട്ടലുടമ സന്തോഷിനെ ഇയാള്‍ കുത്തി കൊലപ്പെടുത്തിയത്. 2006 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതിയായ സബീര്‍ എന്നയാള്‍ സന്തോഷ് നടത്തി വന്നിരുന്ന പറവൂര്‍ ചേന്ദമംഗലം ജംഗ്ഷനിലെ മിയാമി റെസ്റ്റോറന്റിലെത്തി ചായ ആവശ്യപ്പെട്ടു. ചായ കുടിച്ചതിനു ശേഷം രണ്ടു രൂപ കൊടുക്കുകയും ചെയ്തു. ചായയുടെ വില രണ്ടര രൂപയാണെന്നും 50 പൈസ കൂടി വേണം എന്നും പറഞ്ഞ സന്തോഷിനോട് സബീര്‍ തട്ടി കയറുകയും 100 രൂപ നോട്ട് മേശയിലേക്ക് എറിഞ്ഞു കൊടുത്തതിന് ശേഷം അവിടെ നിന്ന് പോയി. കുറച്ചു കഴിഞ്ഞു സുഹൃത്തുകളായ അനൂപ്, ഷിനോജ്, സുരേഷ്, എന്നിവരെയും കൂട്ടി സംഭവസ്ഥലത്തെത്തി സന്തോഷിനെ ആക്രമിച്ചു കുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ രണ്ട് മുതല്‍ നാലു വരെയുള്ള പ്രതികളായ സബീര്‍, ഷിനോജ്, സുരേഷ് എന്നിവര്‍ നേരത്തെ കോടതി മുന്‍പാകെ വിചാരണ നേരിട്ടുള്ളതാണ്. രണ്ടും മൂന്നും പ്രതികള്‍ മനപ്പൂര്‍വ്വമുള്ള നരഹത്യ കുറ്റം ചെയ്തതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഏഴു വര്‍ഷം കഠിന തടവിനു കോടതി ശിക്ഷിച്ചിരുന്നു. നാലാം പ്രതി സുരേഷിനെ നിരപരാധിയായി കണ്ട് വിട്ടയച്ചു. ആദ്യവിചാരണ സമയത്ത് ഒന്നാംപ്രതി അനൂപ് ഒളിവില്‍ ആയിരുന്നതിനാല്‍ അയാള്‍ക്കെതിരെയുള്ള കേസ് വേര്‍പ്പെടുത്തിയാണ് അന്ന് വിചാരണ നടത്തിയത്.