Friday, April 26, 2024
keralaNewspolitics

വാച്ച് ടവര്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണം : അഡ്വ.ഷോണ്‍ ജോര്‍ജ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ കാരികാട് ടോപ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വാച്ച് ടവറിന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.ഒന്നാം നിലയില്‍ റസ്റ്റോറന്റും, ടോയ്ലറ്റും രണ്ടാം നിലയില്‍ പുലിയുടെ പ്രതിമയും,ആലപ്പുഴ വരെ കാണാനാവുന്ന രീതിയില്‍ ബൈനോക്കുലര്‍ സംവിധാനവും ഉള്‍പ്പെടുത്തിയാണ് വാച്ച് ടവര്‍ രൂപകല്‍പ്പന ചെയ്തത് . പദ്ധതി നടപ്പിലാക്കുന്നതിനായി ആദ്യഘട്ടത്തില്‍ 40 ലക്ഷം രൂപ അനുവദിക്കുകയും വാച്ച് ടവറിന്റെ ഘടന പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് അവശേഷിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ച് 2021 ഫെബ്രുവരിയില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.ഇതിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത് അധികാരികളുടെ വീഴ്ചയായി മാത്രമേ കാണാന്‍ കഴിയൂ. മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിന്റെ ശ്രമഫലമായി ആരംഭിച്ച പദ്ധതികളില്‍ മനപൂര്‍വം കാലതാമസമുണ്ടാക്കി ‘വെടക്ക് ആക്കി തനിക്കാക്കുക ‘ എന്ന നയമാണ് പൂഞ്ഞാറിന്റെ പുതിയ ജനപ്രതിനിധി സ്വീകരിക്കുന്നതെന്നും ഷോണ്‍ പറഞ്ഞു.ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒറ്റയീട്ടിയിലെ സാംസ്‌കാരിക നിലയം നവീകരിച്ച് ടേക്ക് എ ബ്രേക്ക് സമുച്ചയം നിര്‍മ്മിക്കുമെന്നും വഴിക്കടവില്‍ വിനോദസഞ്ചാരികള്‍ക്കായി ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു..