Friday, April 19, 2024
keralaNews

കഞ്ചാവ് കേസില്‍ മകനെ വിദേശത്തേക്ക് കടത്തിയതിനാണ് അറസ്റ്റ്

കൊച്ചി: എറണാകുളം ആലുവയില്‍ 28 കിലോ കഞ്ചാവ് പിടിച്ച കേസില്‍, സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ ഗ്രേഡ് എസ് ഐ അറസ്റ്റില്‍. തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്‌ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചതിനാണ് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. ഗ്രേഡ് എസ്‌ ഐ സാജനെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞയാഴ്ച്ചയാണ് 28 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ അറസ്റ്റിലാകുന്നത്. ആലുവ സ്വദേശികള്‍ക്ക് വേണ്ടിയാണ് ഇവര്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എസ്‌ഐയുടെ മകനാണെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രതിയായ ഇയാളുടെ മകന്‍ നവീന്‍ വിദേശത്തേക്ക് കടത്തിയിരുന്നു. അച്ഛനെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് തന്ത്രപരമായാണ് മകനെ പൊലീസ് തിരികെ നാട്ടിലെത്തിച്ചത്. നവീനെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും. സാജന്‍ ഈ മാസം സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യേണ്ടതായിരുന്നു.