Wednesday, April 24, 2024
AstrologyindiaNews

സഹോദരി-സഹോദര ബന്ധത്തിന്റെ സന്ദേശം നല്‍കി ഇന്ന് രക്ഷാബന്ധന്‍ മഹോത്സവം

ന്യൂഡല്‍ഹി: മഹത്തായ സഹോദരി-സഹോദര ബന്ധത്തിന്റെ സന്ദേശം നല്‍കി ഇന്ന് രക്ഷാബന്ധന്‍ മഹോത്സവം. ശ്രാവണമാസത്തിലെ പൗര്‍ണമി നാളിലാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. രക്ഷാബന്ധന്‍ ദിനത്തിലെ പ്രധാന ചടങ്ങ് രാഖിബന്ധനമാണ്. ഇതിന് ശേഷം മധുരപലഹാരങ്ങളും വിതരണം ചെയ്ത് ചടങ്ങ് ആഘോഷമാക്കിതീര്‍ക്കുന്നു. ഈ ദിവസം ഭാരതത്തിലുടനീളം വന്‍ ആഘോഷങ്ങളാണ് നടത്തിവരുന്നത്.

ഒരിക്കല്‍ ദേവന്മാരും അസുരന്മാരും തമ്മില്‍ യുദ്ധം നടന്നു. ദേവന്മാര്‍ പരാജയപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യില്‍ രക്ഷയ്ക്കായി രക്ഷാസൂത്രം (രാഖി) കെട്ടികൊടുത്തു. ഈ രക്ഷാസൂത്രത്തിന്റെ ബലത്തില്‍ ശത്രുക്കളെ പരാജയപ്പെടുത്താനുള്ള ശക്തി ഇന്ദ്രന് ലഭിച്ചു. ഇതോടെ യുദ്ധത്തില്‍ ദേവന്മാര്‍ വിജയിച്ചു.ഈ യുദ്ധ വിജയത്തിന്റെ ആഘോഷമാണ് പിന്നീട് ‘രക്ഷാബന്ധനം’ എന്ന ഉത്സവം ആരംഭമായി തുടങ്ങിയത് എന്നാണ് ഒരു ഐതീഹ്യം. വിഷ്ണുപുരാണത്തില്‍ രക്ഷാബന്ധനുമായി ബന്ധപ്പെട്ട മറ്റൊരു കഥയുണ്ട്. കടുത്ത വിഷ്ണു ഭക്തനായ ബലി ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിന്റെ രക്ഷ ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഭഗവാന്‍ ലക്ഷ്മി ദേവിയും വൈകുണ്ഠത്തേയും ഉപേക്ഷിച്ചു കൊണ്ട് കര്‍ത്തവ്യ നിര്‍വഹണത്തിനായി ബാലിക്കരികിലേക്ക് പോയി.

ഇതില്‍ ദുഖിതയായ ലക്ഷ്മി ദേവി, ഭഗവാനെ തിരിച്ചു കൊണ്ട് വരുന്നതിനായി ഒരു ബ്രാഹ്‌മണ സ്ത്രീയുടെ വേഷത്തില്‍ ബലിയുടെ അരികില്‍ എത്തുകയും തനിക്കു സംരക്ഷണം നല്കണം എന്നാവശ്യപ്പെടുകയും ബലി സസന്തോഷം അത് അനുവദിക്കുകയും ചെയ്തു.അങ്ങനെയിരിക്കെ ശ്രാവണ പൗര്‍ണമി ദിനത്തില്‍ ചക്രവര്‍ത്തി ബലിയുടെ കൈയില്‍ രാഖി ബന്ധിച്ചു കൊണ്ട് ലക്ഷ്മി ദേവി താന്‍ ആരാണെന്നും, തന്റെ ആഗമനോദ്ദേശം എന്താണെന്നും അറിയിച്ചു. ഇത് ശ്രവിച്ചു ലോല ഹൃദയനായ ബലി, ഭഗവാനോട് ദേവിയുടെ കൂടെ പോകണമെന്ന് അപേക്ഷിച്ചതായി വിഷ്ണു പുരാണത്തില്‍ പറയുന്നു.

ഭാരതീയ ആചാരപ്രകാരമുള്ള ചടങ്ങുകളാണ് രക്ഷാബന്ധന്‍ ദിനത്തില്‍ ആചരിക്കുന്നത്. ഈ ദിനത്തില്‍ അതിരാവിലെ തന്നെ കുളികഴിഞ്ഞെത്തുന്ന സ്ത്രീകള്‍ ഈശ്വരപൂജ നടത്തുന്നു. പൂജയ്ക്കുശേഷം ഒരു താലത്തില്‍ രക്ഷാസൂത്രം, ദീപം, മധുരപലഹാരങ്ങള്‍, കുങ്കുമം എന്നിവ വെച്ച് സഹോദരനെ സഹോദരി സമീപിക്കുന്നു. സഹോദരനെ ആരതി ഉഴിഞ്ഞ് കുങ്കുമം ചാര്‍ത്തി വലത്തെ കൈയ്യില്‍ രക്ഷാസൂത്രം കെട്ടിക്കൊടുക്കുന്നു. സഹോദരന്‍ അവന്റെ ജീവിതത്തില്‍ രാഖി ബന്ധിച്ച സഹോദരിയെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. സഹോദരിക്ക് പാരിതോഷികങ്ങള്‍ സമ്മാനിച്ച് ശേഷം മാത്രമാണ് ചടങ്ങ് സമാപിക്കുന്നത്.