Saturday, May 4, 2024
keralaNews

വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ നമ്പറും കൂടി പരിഗണിക്കാന്‍ ആലോചിച്ച് കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ നമ്പറും കൂടി പരിഗണിക്കാന്‍ ആലോചിച്ച് കെഎസ്ഇബി. വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതോടെ, രണ്ട് തിരിച്ചറിയല്‍ രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ ഇപ്പോള്‍ കണക്ഷന്‍ ലഭിക്കും. എന്നാല്‍, പല സ്ഥാപനങ്ങളും കണക്ഷന്‍ ലഭിച്ച ശേഷം പൂട്ടിപ്പോകാറുണ്ട്. ഇവരെ അന്വേഷിച്ചു കണ്ടെത്തി കുടിശ്ശികയീടാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതൊഴിവാക്കാനാണ് ആധാര്‍ കൂടി പരിഗണിക്കുന്നത്.

വൈദ്യുതി രേഖകളും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. അതിനാല്‍ ആദ്യഘട്ടത്തില്‍ ഇതിനോട് യോജിക്കുന്നവര്‍ മാത്രം ആധാര്‍ നമ്പര്‍ നല്‍കുന്നതാണ് ബോര്‍ഡ് പരിഗണിക്കുന്നത്. വൈദ്യുതി ബില്‍ കുടിശ്ശികയുണ്ടെന്ന പേരില്‍ സൈബര്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ ഓണ്‍ലൈനില്‍ പണമടയ്ക്കുന്ന രീതി പരിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

ഇപ്പോള്‍ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കിയാല്‍ ആരുടെയും ബില്ലിന്റെ വിശദാംശങ്ങള്‍ കാണാം. പണമടയ്ക്കാനുള്ള ക്യുക് പേ സംവിധാനത്തില്‍ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ വിവരങ്ങളറിയാം. ഇവയില്‍ നിന്ന് തട്ടിപ്പുകാര്‍ വിവരം ശേഖരിക്കുന്നുണ്ടോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി രേഖപ്പെടുത്തിയ ശേഷം മാത്രം വിവരങ്ങള്‍ കാണാനാകുന്ന രീതിയാണ് ബോര്‍ഡ് പരിഗണിക്കുന്നത്.