Monday, April 29, 2024
EntertainmentNewsObituarySports

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ സതേണ്‍ സ്റ്റാന്‍ഡിന് ഷെയ്ന്‍ വോണിന്റെ പേര്

മെല്‍ബണ്‍: തായ്ലന്‍ഡില്‍ അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ അന്ത്യവിശ്രമം മെല്‍ബണില്‍. മൃതദേഹം ഓസ്‌ട്രേലിയയില്‍ എത്തിക്കും.                  സര്‍ക്കാര്‍ പ്രതിനിധികള്‍ ഉടന്‍ തായ്ലന്‍ഡില്‍ എത്തുമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം നടത്തുമെന്ന് വിക്ടോറിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഷെയ്ന്‍ വോണിന്റെ സംസ്‌കാരം മെല്‍ബണിലായിരിക്കുമെന്ന് അദേഹത്തിന്റെ മാനേജര്‍ വ്യക്തമാക്കി. ഷെയ്ന്‍ വോണ്‍ മരിച്ച ഹോട്ടലില്‍ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. തായ്ലന്‍ഡിലെ ഷെയ്ന്‍ വോണിന്റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. 52കാരനായ ഷെയ്ന്‍ വോണ്‍ തായ്ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് ഹൃദയാഘാതം വന്ന് ഇന്നലെ മരിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ സതേണ്‍ സ്റ്റാന്‍ഡിന് ഇനിമുതല്‍ ഷെയ്ന്‍ വോണ്‍ സ്റ്റാന്‍ഡ് എന്നായിരിക്കും പേര്. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായിരുന്നു. ഓസ്ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്ന്‍ വോണ്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.