Wednesday, May 1, 2024
keralaNewsUncategorized

അമിത് ഷാ എക്‌സലന്‍സ് പുരസ്‌കാരം ദിവ്യ എസ് അയ്യര്‍ക്ക് സമ്മാനിച്ചു

പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കുന്ന എക്സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്‌കാരം പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദിവ്യ എസ് അയ്യര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ  അറിയിച്ചത്.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ചെയ്ത പ്രവൃത്തികള്‍ ആണ് സ്പെഷ്യല്‍ ജൂറി പുരസ്‌കാരത്തില്‍ പരാമര്‍ശിച്ചിരുന്നത് . ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആണ് വിതരണം ചെയ്തത്. ഭാരതത്തിലെ 29 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 404 ജില്ലാ കലക്ടര്‍മാരുടെ വ്യത്യസ്ത മേഖലകളിലെ സംഭാവനകളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്.ആര്‍.എം.ലോധയുടെ അധ്യക്ഷയിലെ വിദഗ്ദ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കലക്ടര്‍മാരെ പുരസ്‌കാരത്തിന് അര്‍ഹരായി തിരഞ്ഞെടുത്തത്. തീര്‍ത്ഥാടനം സുഗമം ആക്കാന്‍ വിലമതിക്കാനാവാത്ത പിന്തുണ നല്‍കിയ കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും, ശബരിമലയിലേക്ക് എത്തി ചേര്‍ന്ന ഓരോ സ്വാമിക്കും സവിനയം സഹര്‍ഷം ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു.- ദിവ്യ എസ് അയ്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.