Thursday, May 2, 2024
keralaNewsUncategorized

അരുവിക്കരയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച: കുപ്രസിദ്ധ കള്ളനെ പൊലീസ് പിടികൂടി

തിരുവനന്തപുരം: അരുവിക്കരയില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥയുടെ വീട്ടില്‍ വമ്പന്‍ കവര്‍ച്ച നടത്തിയ കേസില്‍ കുപ്രസിദ്ധ കള്ളനെ പൊലീസ് പിടികൂടി. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്നും 8 ലക്ഷത്തി അറുപത്തി അയ്യായിരം രൂപയും, 32 പവനും മോഷണം പോയ സംഭവത്തിലാണ്  ജപ്പാന്‍ ജയനെന്നറിയപ്പെടുന്ന ജയന്‍ പിടിയിലായത്.  ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആണ് അരുവിക്കര ചെറിയ കൊണ്ണിയില്‍ പകല്‍ സമയത്ത് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്നും 8 ലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവനും മോഷണം പോയത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ പണവും സ്വര്‍ണ്ണവും കവര്‍ന്നു രക്ഷപ്പെടുകയായിരുന്നു. മോഷണ ശേഷം മതില്‍ ചാടി കടന്നു കാറില്‍ രക്ഷപ്പെടുന്ന മോഷ്ടാക്കളെ അയല്‍വാസിയായ വീട്ടമ്മ കണ്ടതോടെയാണ് മോഷണം പുറത്ത് അറിയുന്നത്. പിന്നീട് ഈ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. എന്നാല്‍ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം കൊല്ലത്തുള്ള ഒരു ബൈക്കിന്റെ നമ്പര്‍ ആണെന്ന് കണ്ടെത്തിയാണ് അവസാനിച്ചത്.  തുടര്‍ന്ന് മറ്റ് വഴികളിലൂടെ നടത്തിയ അന്വേഷണങ്ങളിലാണ് വട്ടിയൂര്‍ക്കാവ് സ്വദേശിയായ ജപ്പാന്‍ ജയനെ കുറിച്ച് വിവരം ലഭിക്കുന്നത്. ഇതിന് പിന്നാലെ അന്വേഷണത്തിന് റൂറല്‍ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ജപ്പാന്‍ ജയനെ തിരുവനന്തപുരത്ത് നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. മോഷണം ‘ജപ്പാന്‍ ജയന്‍’ ഒറ്റയ്ക്കല്ല നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്ക് പുറമെ സംഭവത്തില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്നും ഇവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും അരുവിക്കര പൊലീസ് അറിയിച്ചു.