Tuesday, May 21, 2024
indiakeralaNews

മണിച്ചന്റെ വിടുതല്‍ അപേക്ഷയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി :കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ വിടുതല്‍ അപേക്ഷയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. പേരറിവാളന്‍ കേസിലെ വിധി മാനിച്ച് സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ തീരുമാനം.75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്, അര്‍ഹതയുള്ള മുഴുവന്‍ തടവുകാര്‍ക്കും ഇളവുകള്‍ നല്‍കാന്‍ ഒക്ടോബറില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് 184 ജീവപര്യന്തം തടവുകാരുടെ പഴയ പട്ടിക സര്‍ക്കാര്‍ പൊടിതട്ടിയെടുത്തത്. ജയില്‍ ഉപദേശക സമിതികള്‍ പല ഘട്ടത്തില്‍ അപേക്ഷ തള്ളിയവരുടെ പട്ടികയായിരുന്നു ഇത്.ആഭ്യന്തര, നിയമ സെക്രട്ടറിമാരും ജയില്‍ ഡിജിപിയും ഉള്‍പ്പെടുന്ന സമിതിക്കു കീഴില്‍ ഇതിനായി ഉപസമിതി രൂപീകരിച്ചു. ഉപസമിതി 67 പേരുടെ പട്ടിക മാര്‍ച്ചില്‍ തയാറാക്കി. ഇതില്‍ മണിച്ചനും പ്രവീണ്‍ വധക്കേസ് പ്രതി മുന്‍ ഡിവൈഎസ്പി ഷാജിയും ഉള്‍പ്പെട്ടിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആഭ്യന്തര, നിയമ സെക്രട്ടറിമാരുടെ സമിതി വീണ്ടും പരിശോധന നടത്തി 33 പേരായി ചുരുക്കി. ഇതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

അതേസമയം, മണിച്ചന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന ജയില്‍ ഉപദേശക സമിതി വഴി തീരുമാനമെടുക്കണമെന്ന നിര്‍ദേശമാണു ഫെബ്രുവരി 4നു കോടതി നല്‍കിയത്. ആഭ്യന്തരവകുപ്പ് അഭ്യര്‍ഥന പ്രകാരം ഇക്കാര്യം പരിഗണിക്കാന്‍ സംസ്ഥാന ജയില്‍ ഉപദേശക സമിതി ഫെബ്രുവരി 18നു യോഗം ചേര്‍ന്നു. എന്നാല്‍, മണിച്ചന്റെ മോചനകാര്യം സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പരിഗണനയിലുണ്ടെന്ന് ആഭ്യന്തര വകുപ്പുതന്നെ സമിതിയെ അറിയിച്ചു. ഉപദേശകസമിതി നിലവിലിരിക്കെ, സര്‍ക്കാര്‍ നിയോഗിച്ച മറ്റൊരു സമിതി മണിച്ചന്റെ മോചനകാര്യം പരിഗണിച്ചതില്‍ ദുരൂഹതയുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.