Monday, April 29, 2024
keralaNews

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ വീണ്ടും അന്വേഷണം

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ വീണ്ടും അന്വേഷണം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം നടത്തുന്നത്. നിലവില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ അന്തിമ ഘട്ടത്തിലാണ്. ഇതിനിടെയാണ് ദിലീപിനെതിരെ തുടരന്വേഷണം നടത്തുന്നത്. വിചാരണ കോടതിയില്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്. വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിസിയിലെ 173(8)ാം വകുപ്പ് പ്രകാരമാണ് തുടരന്വേഷണത്തിന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ട്, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ദിലീപിന് കൈമാറി, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ നടന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബലചന്ദ്രകുമാര്‍ ഉയര്‍ത്തിയിരിക്കുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ബാലചന്ദ്രകുമാര്‍. ഈ സാഹചര്യത്തില്‍ വെളിപ്പെടുത്തല്‍ അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. അതേസമയം വിഷയത്തില്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ കോടതിയുടെ തീരുമാനം നിര്‍ണായകമാകും. ഫെബ്രുവരിയോടെ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.