Friday, March 29, 2024
keralaNews

തിരുവനന്തപുരത്ത് ഭൂചലനം.

തിരുവനന്തപുരത്ത് നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. വെള്ളറടയിലാണ് ഭൂചലനമുണ്ടായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഭൂചലനത്തെ തുടര്‍ന്ന് ചില വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം നാട്ടുകാര്‍ പരിഭ്രാന്തരാകേണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.തിരുവനന്തപുരത്ത് കാട്ടാക്കട, കള്ളക്കാട്, മണ്ഡപത്തിന്‍ കടവ്, വെളളറട എന്നീ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 11.30ഓടെയായിരുന്നു സംഭവം. വലിയ മുഴക്കം കേട്ടതിനെ തുടര്‍ന്ന് ആളുകള്‍ വീടിന് പുറത്തിറങ്ങി. ഈ ശബ്ദത്തിന് ശേഷമായിരുന്നു ഭൂചലനം. ആറോളം വീടുകളില്‍ പൊട്ടലുണ്ടായി.വിള്ളലുകള്‍ക്ക് പുറമേ, പാത്രങ്ങള്‍ തറയില്‍ വീഴുക, ഫ്രെയിമുകള്‍ താഴെ വീണ് പൊട്ടുക തുടങ്ങിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് നേരിയ ഭൂചലനം സംഭവിച്ചതായി സെസിലെ ശാസ്ത്രജ്ഞരും സ്ഥിരീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് നാശനഷ്ടങ്ങളുടെ കണക്ക് എടുക്കുകയാണ്.