Wednesday, May 1, 2024
keralaNews

സ്വര്‍ണക്കവര്‍ച്ചയില്‍ വഴിത്തിരിവ്: വ്യാപാരിയുടെ കാറിലെ രഹസ്യ അറയില്‍ 75 ലക്ഷം, 5 പേര്‍ പിടിയില്‍

ദേശീയപാതയില്‍ പള്ളിപ്പുറം ടെക്‌നോസിറ്റി കവാടത്തിന് സമീപം വച്ച് കാര്‍ തടഞ്ഞ് സ്വര്‍ണ വ്യാപാരി സമ്പത്തിനെയും ബന്ധു ലക്ഷ്മണയെയും, ഡ്രൈവര്‍ അരുണിനെയും മര്‍ദിച്ച് 100 പവന്‍ കവര്‍ന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. സമ്പത്ത് സഞ്ചരിച്ച കാറില്‍ രണ്ട് രഹസ്യ അറകളിലായി 75 ലക്ഷം ഒളിപ്പിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയും തുടര്‍ച്ചയായ ചോദ്യം ചെയ്യലിലൂടെയുമാണ് വിശദാംശങ്ങള്‍ പുറത്തു വന്നത്. കാറിന്റെ മുന്‍വശത്തെ സീറ്റിനടിയില്‍ രണ്ടു രഹസ്യ അറകള്‍ ഉണ്ടാക്കി അതില്‍ നോട്ടുകള്‍ കെട്ടുകളാക്കി വച്ചിരുന്നു.

രാത്രി 8ന് കാര്‍തടഞ്ഞ് മുളക്‌പൊടി എറിഞ്ഞ ശേഷം സമ്പത്തിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് സ്വര്‍ണം കവരുകയും മറ്റു രണ്ടുപേരെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയെന്നുമാണ് മൊഴി. എന്നാല്‍ സമ്പത്ത് ഇക്കാര്യം ഉടനെ പൊലീസില്‍ അറിയിക്കുകയോ ആശുപത്രിയില്‍ പോകുകയോ ചെയ്തില്ല. പകരം കൊല്ലം സ്വദേശി ബന്ധുവിനെ വിളിച്ച് വരുത്തുകയായിരുന്നു. ഇയാള്‍ നേരത്തേ ആറ്റിങ്ങലിലെത്തി കാത്തുനില്‍പുണ്ടായിരുന്നു.

അതിനുശേഷമാണ് ഇയാള്‍ മംഗലപുരം സ്റ്റേഷനില്‍ എത്തുന്നത്. ഇതിനിടെ കരുനാഗപള്ളിയിലുള്ള ഒരു ജ്വല്ലറിക്കാരനെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വിവരം പുറത്തു വന്നതോടെ പണം തിരികെ സ്റ്റേഷനില്‍ എത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മംഗലപുരം സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പണവും ഏറ്റുവാങ്ങി .