Thursday, May 2, 2024
Newsworld

രൂപമാറ്റം വന്ന കൊറോണ വൈറസ് ഞെട്ടലോടെ ലോകരാജ്യങ്ങള്‍.

രൂപമാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടണില്‍ സ്ഥിരീകരിച്ചതോടെ ഞെട്ടലിലാണ് ലോകരാജ്യങ്ങള്‍. കോവിഡ് വൈറസിന്റെ സാന്നിധ്യം ചൈന റിപ്പോര്‍ട്ട് ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അതിവേഗം പടരുന്ന വൈറസിന്റെ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയത്. ഈ വിവരം ഇംഗ്ലണ്ട് ലോകാരോഗ്യസംഘടനയെ അറിയിച്ചതോടെ ലോകരാജ്യങ്ങള്‍ അതീവജാഗ്രതയിലായി. നിലവിലുള്ളതിനെക്കാള്‍ 70 ശതമാനം കൂടുതല്‍ വ്യാപനനിരക്കുള്ളതും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ് പുതിയ വൈറസ്.

ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ് വേരിയന്റിന് തന്നെ ഇരുപതോളം വകഭേദങ്ങള്‍ ഉണ്ട്. എന്നാല്‍, ഇതില്‍ ചിലതാണ് ഇപ്പോള്‍ വെല്ലുവിളിയായിരിക്കുന്നത്. ലോകമെമ്പാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനീനെ കീഴടക്കാന്‍ കഴിയുന്ന ഒരു തലത്തിലേക്ക് വൈറസ് പരിവര്‍ത്തനം പെട്ടെന്ന് സംഭവിക്കില്ലെന്നാണ് ബ്രിട്ടിഷ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകനും സ്‌കോട്ട്‌ലന്‍ഡിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനുമായ മുഗെ സെവിക് പറഞ്ഞത്. വാക്‌സീനു വെല്ലുവിളിയാകുന്ന തലത്തിലേക്ക് വൈറസ് പരിവര്‍ത്തനം ചെയ്യാന്‍ വര്‍ഷത്തിലധികം എടുക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

പുതിയ കൊറോണ വൈറസിനെ നേരിടാന്‍ ലോകരാജ്യങ്ങള്‍ തയ്യാറെടുക്കുകയാണ്. ബ്രിട്ടനില്‍ കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ അവധിക്കാലത്ത് ലണ്ടന്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. വൈറസ് അതിവേഗം പടരുന്നത് പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടന്‍ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.ബ്രിട്ടനില്‍ നിന്ന് എത്തുന്നവരും മറ്റുരാജ്യങ്ങളില്‍ നിന്ന് ബ്രിട്ടന്‍ വഴി എത്തുന്നവരും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പോസറ്റീവ് ആയവര്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ നിര്‍ബന്ധമായും പോകണം. നെഗറ്റീവ് ആയവര്‍ 7 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. സംസ്ഥാന സര്‍ക്കാരുകള്‍ വിമാനത്താവളങ്ങള്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധന്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരടക്കം 30 കോടി പേര്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കാനാണ് മുന്‍ഗണന.

ഇറ്റലി, ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വകഭേദം സംഭവിച്ച സമാന വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചു. നാളെ അര്‍ധരാത്രിമുതല്‍ ഒരാഴ്ചത്തേക്ക് ഒമാന്‍ അതിര്‍ത്തികള്‍ അടയ്ക്കും. ബ്രിട്ടനില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ ബല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ റദ്ദാക്കി. സൗദി കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചു. വൈറസിന്റെ വകഭേദം കണ്ടെത്തിയ സിഡ്‌നി നഗരവും പൂര്‍ണമായി അടച്ചു. സിഡ്‌നിയില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിന് പുറമെ റോഡ് ഗതാഗതവും നിരോധിച്ചു.