Sunday, April 28, 2024
keralaNews

കൊറോണയുടെ മറവില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു ഇ.എസ് ബിജു

എരുമേലി :കൊറോണയുടെ പേര് പറഞ്ഞ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ശബരിമല ആചാരാനുഷ്ഠാന ലംഘനം നടത്തി തീര്‍ത്ഥാടനത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പറഞ്ഞു.ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 18 കേന്ദ്രങ്ങളിലായി നടന്ന ഗ്ലോബല്‍ വെര്‍ച്വല്‍ അയ്യപ്പ മഹാസംഗമത്തിന്റെ എരുമേലിയിലെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം ‘ഭവനം സന്നിധാനം എന്ന പേരില്‍ വിശ്വാസികള്‍ ആഘോഷിക്കണം.

സര്‍ക്കാര്‍ പറയുന്നതുപോലെ കൊറോണ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ശബരിമല തീര്‍ത്ഥാടനം നടത്താന്‍ കഴിയില്ല.എരുമേലി പേട്ടതുള്ളല്‍,പമ്പാനദിയിലെ ബലിയിടലും,കുളിയും,മറ്റ് അര്‍ച്ചനകള്‍,നെയ്യഭിഷേകം ഒന്നും പാടില്ല -എന്നാല്‍ കാണിക്ക അര്‍പ്പിക്കുന്നതിന് തടസ്സമില്ലെന്ന് സര്‍ക്കാര്‍ വാദം ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് ക്ഷേത്രം തന്ത്രിയും വിശ്വാസികളും,അയ്യപ്പ ഭക്ത സംഘടനകളുമാണ്.എന്നാല്‍ ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും -മുഖ്യമന്ത്രി തന്ത്രി ആകേണ്ടന്നും അദ്ദേഹം പറഞ്ഞു.ശബരിമല തീര്‍ത്ഥാടനം ആചാരാനുഷ്ഠാനങ്ങളുടെ കേന്ദ്രമാണ്.കഴിഞ്ഞ വര്‍ഷം യുവതി പ്രവേശനത്തിലൂടെ ശബരിമല തീര്‍ഥാടകരെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഇപ്പോള്‍ കൊറോണ പ്രോട്ടോകോളിന്റെ മറവില്‍ ആചാരലംഘനം നടത്തി വിശ്വാസങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു പറഞ്ഞു.

ശബരിമയേയും ആചാര അനുഷ്ഠാനങ്ങളെയും വിശ്വാസികളെയും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.യുവതി പ്രവേശനത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് വിശ്വാസികളുടെ കണ്ണുനീര്‍ ശാപമായി മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനെയും പിന്‍തുടരുകയാണെന്നും അത് അനുഭവിച്ച് തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു .കൊറോണ ടെസ്റ്റിന് നടത്താന്‍ ശബരിമലയില്‍ രണ്ട് സ്വകാര്യ ആശുപത്രികളെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നതെന്നും ഇത് വലിയ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.അയ്യപ്പന്‍ അന്തിയുറങ്ങിയ എരുമേലി പുത്തന്‍വീട്ടിലെ മൂത്തകാരണവര്‍ പി.പി പെരിശ്ശേരി പിള്ള ഭദ്രദീപം തെളിയിച്ച് സംഗമത്തില്‍ കെ എസ് നാരായണന്‍ (കെ കെ എസ് എസ് വര്‍ക്കിംഗ് പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. സ്വാമി സ്വരൂപാനന്ദ സരസ്വതി(മാര്‍ഗ്ഗ ദര്‍ശനക മണ്ഡല്‍ സംസ്ഥാന സെക്രട്ടറി),കെ എസ് ഓമനക്കുട്ടന്‍(വിശ്വഹിന്ദുപരിഷത്ത് സത് സംഘ പ്രമുഖ്),പി കെ ഭാസ്‌കരന്‍(നാഷണല്‍ ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ് ),എസ് മനോജ്(ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി),ബിന്ദു മോഹനന്‍
(മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി),പി എസ് രാജു(സേവാസമാജം ജില്ലാസെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.