Sunday, April 28, 2024
keralaNews

45 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ ജവാഹര്‍ ബാലഭവന്‍ കുട്ടികളുടെ ലൈബ്രറി മാറ്റാന്‍ നീക്കം

കോട്ടയം :കഴിഞ്ഞ 45 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നതും – ഒട്ടേറെ കലാകാരന്മാരെ സൃഷ്ടിച്ച കോട്ടയത്തെ ജവഹര്‍ ബാലഭവന്‍ ആന്‍ഡ് കുട്ടികളുടെ ലൈബ്രറി മാറ്റാന്‍ നീക്കം.സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് പ്രസ്തുത കെട്ടിടം ഒഴിഞ്ഞു കിട്ടാന്‍ പബ്ലിക് ലൈബ്രറി സര്‍ക്കാരിന് വക്കീല്‍ നോട്ടീസ് നല്‍കിയതിന്റെ വെളിച്ചത്തിലാണ് ജവാഹര്‍ ബാലഭവന്‍ പ്രവര്‍ത്തകര്‍ പബ്ലിക് ലൈബ്രറിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.1967 ഓഗസ്റ്റ് 15ന് മഹാകവി ജി ശങ്കരക്കുറുപ്പ് തറക്കല്ലിടുകയും 1969 ജൂണ്‍ 6 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ വി കെ ആര്‍ വി റാവു ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത കെട്ടിടത്തിലാണ് അന്ന് മുതല്‍ ജവാഹര്‍ ബാലഭവന്‍ ആന്‍ഡ് കുട്ടികളുടെ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. മഹാനായ കെ പി എസ് മേനോന്റെ ജന്മം കൊണ്ട് പവിത്രമായ ഈ സ്ഥലം കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കോട്ടയം പബ്ലിക് ലൈബ്രറിക്ക് നല്‍കിയത്.അന്നത്തെ പബ്ലിക് ലൈബ്രറി സെക്രട്ടറിയായിരുന്ന ഡി സി കിഴക്കേമുറിയുടെ നേതൃത്വത്തിലാണ് ഈ കെട്ടിടം പണികഴിപ്പിക്കുന്നത്. ഇതിന് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ലോട്ടറി നടത്തുവാന്‍ അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി ലാഭം കൊണ്ടാണ് ഈ കെട്ടിടം പണിതത്.1971ല്‍ ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ രജിസ്‌ട്രേഷന്‍ ആക്ട് 12 ഓഫ് 1955 പ്രകാരം 1971 ജൂലൈ ഒന്നിന് ജവാഹര്‍ ബാലഭവന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ലൈബ്രറി എന്ന പേരില്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും സംയുക്ത സംരംഭമാണ് ഈ സ്ഥാപനം.

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പബ്ലിക് ലൈബ്രറിക്ക് തന്നെയായതിനാല്‍ സര്‍ക്കാരിന്റെ പ്രതിനിധികളായി അഞ്ചുപേരും പബ്ലിക് ലൈബ്രറിയുടെ പ്രതിനിധികളായി അഞ്ചുപേരും അടങ്ങുന്ന 10 പേരുടെ ഡയറക്ടര്‍ ബോര്‍ഡ് ആണ് നാളിതുവരെ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരേക്കര്‍ 12 സെന്റ് സ്ഥലം ജവാഹര്‍ ബാലഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പബ്ലിക് ലൈബ്രറി വിട്ടുനല്‍കിയതാണ്.ബാലഭവന്‍ സൊസൈറ്റി ഓഫ് ഇന്ത്യ (ഡല്‍ഹി) നല്‍കിയ ഒരു ലക്ഷം രൂപ ഉപയോഗിച്ച് വാദ്യോപകരണങ്ങള്‍ വാങ്ങിയാണ് ജവാഹര്‍ ബാലഭവന്റെ പ്രവര്‍ത്തനമാരംഭിച്ചത്.1985 വരെ വിദ്യാഭ്യാസ വകുപ്പിന്റെ ധന സഹായത്താലും 1956 മുതല്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ പൂര്‍ണ്ണമായ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും സര്‍വീസ് റൂള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പ്രതിവര്‍ഷം 18 ലക്ഷം രൂപയാണ് ബാലഭവന്റെ നടത്തിപ്പിന് സര്‍ക്കാര്‍ നല്‍കി വരുന്നത്. നാളിതുവരെ ഫര്‍ണിച്ചറുകളും സംഗീതോപകരണങ്ങളും വാങ്ങിയതും മെയിന്റനന്‍സ് നടത്തിയിരുന്നതും സര്‍ക്കാര്‍ ഫണ്ട് കൊണ്ടാണ്. പാര്‍ക്കിലുള്ള കെട്ടിടം എംപി ഫണ്ട് ഉപയോഗിച്ചും ഇപ്പോള്‍ ട്രാഫിക് ട്രെയിനിങ് പാര്‍ക്ക് നവീകരണം നടത്തിയത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുകൊണ്ട് മാത്രമാണ്.

ഇപ്പോള്‍ ജവാഹര്‍ ബാലഭവന്‍ മാനേജിങ് കമ്മറ്റിയുടെ തീരുമാനമില്ലാതെ തിടുക്കത്തില്‍ കൊവിഡ് കാലത്ത് പെയിന്റിങ് വര്‍ക്കുകള്‍ നടത്തി ജവാഹര്‍ ബാലഭവന്റെ ബോര്‍ഡ് മാറ്റുകയും ഇത് കോട്ടയം പബ്ലിക് ലൈബ്രറി നടത്തുന്ന സ്ഥാപനം എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാനേജിങ് കമ്മിറ്റി കൂടാറില്ല. പുതിയ നിയമനങ്ങള്‍ വരെ കമ്മിറ്റി അംഗീകാരമില്ലാതെയാണ് നടത്തിയിരിക്കുന്നത്.
പതിനായിരക്കണക്കിന് സാധാരണക്കാരായ കുട്ടികള്‍ക്ക് കാലാകാലങ്ങളായി കലാസാഹിത്യപരമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍ നാളിതുവരെ സാധിച്ചിരുന്നു. തന്മൂലം കോട്ടയം ജവാഹര്‍ ബാലഭവന്‍ ഇല്ലാതാക്കാനുള്ള ശ്രമം അപലപനീയമാണ്. വളരെ തുച്ഛമായ ഫീസില്‍ കുട്ടികളെ കലകള്‍ അഭ്യസിപ്പിക്കുന്ന ജില്ലയിലെ ഏക സ്ഥാപനമാണ് ജവാഹര്‍ ബാലഭവന്‍. സംവിധായകന്‍ ജയരാജ്, ഗിന്നസ് പക്രു, സുരേഷ് കുറുപ്പ് തുടങ്ങി എത്രയെത്ര പ്രമുഖ വ്യക്തികളാണ് ജവാഹര്‍ ബാലഭവനില്‍ പഠിച്ചിട്ടുള്ളത്.

ജവാഹര്‍ ബാലഭവന്റെ പ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ ധനസഹായവും സര്‍ക്കാര്‍ നല്‍കുമ്പോള്‍ ബാലഭവന്‍ വേണ്ടെന്നു വെക്കാനുള്ള പബ്ലിക് ലൈബ്രറിയുടെ തീരുമാനം സാധാരണക്കാരായ കുട്ടികള്‍ക്കും കലാകാരന്മാരായ ജീവനക്കാര്‍ക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. കാര്യക്ഷമമായ രീതിയില്‍ ജവാഹര്‍ ബാലഭവന്‍ നടക്കുമ്പോള്‍ ബാലഭവന്‍ വേണ്ടെന്ന് വെച്ച് കെട്ടിടം തിരിച്ചുപിടിക്കാനാണ് പബ്ലിക് ലൈബ്രറി ശ്രമിക്കുന്നത്.വാടകയ്ക്ക് കൊടുത്തു കാശുണ്ടാക്കാമെങ്കിലും കോട്ടയത്ത് കലാകാരന്മാരെ സൃഷ്ടിക്കുന്ന ഈ സ്ഥാപനം ഇല്ലാതാക്കുന്ന ഈ മാനസികാവസ്ഥക്കെതിരെ കോട്ടയം നിവാസികള്‍ പ്രതികരിക്കുമെന്നും ഇവര്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പബ്ലിക് ലൈബ്രറിയുടെ ഇപ്പോഴുള്ള ഭരണാധികാരികള്‍ ഈ സ്ഥാപനം നശിപ്പിച്ചിട്ട് എന്ത് നേടാനാണ് എന്ന ചോദ്യത്തിന് ഉത്തരം ജനങ്ങളോട് പറ
യേണ്ടിവരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കേരള മുഖ്യമന്ത്രി, സാംസ്‌കാരിക വകുപ്പ് മന്ത്രി, സംസ്‌കാരിക വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ക്ക് ജവാഹര്‍ ബാലഭവന്‍ ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. കലാലോകത്തോട് കോട്ടയം പബ്ലിക് ലൈബ്രറി അധികാരികള്‍ ചെയ്യുന്ന അനീതിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു . പത്രസമ്മേളനത്തില്‍ ജവാഹര്‍ ബാലഭവന്‍ ജീവനക്കാരായ പി ജി ഗോപാലകൃഷ്ണന്‍, ഹരിദാസ് പികെ, ഹരീന്ദ്രനാഥ് വി ജി, ഉപേന്ദ്രനാഥ് വി ജി എന്നിവര്‍ പങ്കെടുത്തു