Monday, May 6, 2024
keralaNewspolitics

ലൈഫ് മിഷന്‍ കരാര്‍ അഴിമതി കേസിലാണ് കൊച്ചി ഓഫീസില്‍ ഹാജരായത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്റേറ്റ് ഓഫീസില്‍ ഹാജരായി. കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യലില്‍ ഹാജരാകണമെന്ന് അറിയിച്ച് ഇഡി നോട്ടീസ് അയച്ചിരുന്നു. നിയമസഭ നടക്കുന്നതിനാല്‍ എത്താനാകില്ലെന്ന് രവീന്ദ്രന്‍ ഇഡിയെ അറിയിക്കുകയായിരുന്നു. പിന്നീട് ഇന്ന് രാവിലെ പത്തരയോടെ കൊച്ചിയിലെ ഓഫീസില്‍ എത്തണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.       വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. ലൈഫ് മിഷന്‍ കോഴക്കേസില്‍ രവീന്ദ്രന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് ഇഡി. അടുത്തിടെ പുറത്ത് വന്ന വാട്ട്സ് ആപ്പ് ചാറ്റുകളില്‍ രവീന്ദ്രനെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്. മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല എങ്കില്‍ ഇഡിയ്ക്ക് അറസ്റ്റ് ചെയ്യുവാനുള്ള അധികാരമുണ്ട്. മൂന്ന് കോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് കരാറിന്റെ മറവിലൂടെ നടന്നതാണെന്നും കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളിയായവര്‍ക്ക് ലഭിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു. ടെന്ററില്ലാതെ ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ കോടികള്‍ കമ്മിഷന്‍ നല്‍കിയതായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഇഡിയ്ക്ക് മൊഴി നല്‍കി. കരാര്‍ സംബന്ധിച്ച് നടന്ന എല്ലാ ഇടപാടുകളും സിഎം രവീന്ദ്രന്റെ അറിവോട് കൂടിയാണെന്ന് സ്വപ്നയും മൊഴി നല്‍കിയിരുന്നു.സ്വപ്നയും രവീന്ദ്രനും തമ്മില്‍ വാട്ട്സ്ആപ്പിലൂടെ നടത്തിയ സംഭാഷണങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും രവീന്ദ്രനെതിരെയുള്ള സ്വപ്നയുടെ ആരോപണങ്ങളും ചോദിച്ചറിയുന്നതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.