Friday, May 3, 2024
AgricultureindiaNews

ചെങ്കോട്ടയിലുണ്ടായ അക്രമം; ആസൂത്രിതമെന്ന് പോലീസ്

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളില്‍ നടന്‍ ദീപ് സിദ്ദു അടക്കം 16 പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം. പ്രതിഷേധക്കാര്‍ ആസൂത്രിതമായാണ് ചെങ്കോട്ടയില്‍ കയറി അതിക്രമം നടത്തിയതെന്ന് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരത്തിനിടെയാണ് ചെങ്കോട്ടയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം സിഖ് പതാക ഉയര്‍ത്തുകയായിരുന്നു.

ബൈക്കുകളിലും കാറുകളിലുമായി 1000ഓളം പേരാണ് ചെങ്കോട്ടയില്‍ അതിക്രമിച്ചുകയറിയതെന്നും അവര്‍ പൊലീസുകാരെ ആക്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. അക്രമികള്‍ പോലീസുകാരുടെ സുരക്ഷാ ഉപകരണങ്ങള്‍ തട്ടിയെടുത്തു. പൊതുശൗചാലയത്തില്‍ ആളുകളെ തടവിലാക്കിയതായും കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട 16 പേരെ അറസ്റ്റ് ചെയ്തത്തില്‍ 13 പേര്‍ ജാമ്യത്തിലാണ്. ചെങ്കോട്ടയില്‍ നിഷാന്‍ സാഹിബ് പതാക ഉയര്‍ത്തിയ ജുഗ്രാജ് സിംഗ്, ഡ്യൂട്ടിയിലിരുന്ന പൊലീസ് ഓഫീസറെ ആക്രമിച്ച ഖെംപ്രീത് സിംഗ്, ചെങ്കോട്ടയില്‍ വടിവാള്‍ വീശിയ മനീന്ദര്‍ സിംഗ് മോനി എന്നിവര്‍ ജയിലിലാണ്.