Sunday, May 19, 2024
Uncategorized

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കെ എസ് ആര്‍ ടി സി കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പൂവാര്‍ ബസ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കെ എസ് ആര്‍ ടി സി കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കെ എസ് ആര്‍ ടി സി പൂവാര്‍ ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ നെടുമങ്ങാട് കൊപ്പം വീട്ടില്‍ എം സുനില്‍ കുമാറി(46) നെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.       വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിടുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാവുകയും സംഭവം കോര്‍പ്പറേഷന് നാണക്കേട് ഉണ്ടാക്കിയെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് എം ഡി ബിജു പ്രഭാകര്‍, സുനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് തിരുപുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പൊഴിയൂര്‍ സ്വദേശി ഷാനുവിനെ പൂവാര്‍ ബസ് സ്റ്റാന്റില്‍ വച്ച് കണ്‍ട്രോളിംഗ് ഇന്‍പക്ടര്‍ മര്‍ദ്ദിച്ചത്. സഹപാഠികളായ പെണ്‍കുട്ടികളോട് സംസാരിച്ചതിന്റെ പേരില്‍ കെഎസ്ആര്‍ടിസി കണ്‍ട്രോളിംഗ് ഇന്‍സ്‌പെട്കര്‍ സുനില്‍കുമാര്‍ മര്‍ദ്ദിച്ചെന്നാണ് ഷാനുവിന്റെ പരാതി. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷാനു. ഷര്‍ട്ട് കീറിയ നിലയിലുള്ള ഷാനുവിന്റെ വീഡിയോ പുറത്തുവന്നിരുന്നു, ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളും സ്റ്റാന്‍ഡിലുണ്ടായിരുന്ന നാട്ടുകാരും ഷാനുവിന്റെ പരാതി ശരിവച്ചു. കെ എസ് ആര്‍ ടി സിയുടെ വിജിലന്‍സ് സംഘം പൂവാര്‍ ബസ്റ്റാന്റില്‍ എത്തി അന്വഷണം നടത്തുകയും റിപ്പോര്‍ട്ട് എം.ഡിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് സുനില്‍കുമാറിനെ കഴിഞ്ഞദിവസം പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.കണ്‍ട്രോളിംഗ് ഇന്‍പക്ടര്‍ സുനില്‍ കുമാര്‍ ബസ് കയറാനെത്തിയ വിദ്യാര്‍ത്ഥിയെ വലിച്ചിഴച്ച് സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ എത്തിച്ച് ബന്ദിയാക്കാന്‍ ശ്രമിച്ചെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസിന്റെ എഫ്‌ഐആറിലും ഈ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തിലിറങ്ങി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341, 342, 323 എന്നീവകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ നോക്കേണ്ട ജീവനക്കാര്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.