Sunday, April 28, 2024
keralaNewsUncategorized

അരിക്കൊമ്പനെ മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റും വനംവകുപ്പ്

കമ്പം:അരിക്കൊമ്പന്‍ പ്രശ്‌നക്കാരനായതിനാല്‍ മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റാന്‍ തമിഴ്‌നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി. അരിക്കൊമ്പന്‍ പ്രശ്‌നക്കാരനാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്. ഇനിയും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മനുഷ്യജീവന് ഭീഷണിയാകും. മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നും 1972 ലെ വൈല്‍ഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്‌നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം.തമിഴ്‌നാടിലെ കമ്പത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ ഇപ്പോള്‍ പുളിമരതോട്ടത്തിലൂടെ ഓടി നടക്കുകയാണ്.                                                                                                                                       വനം വകുപ്പുദ്യോഗസ്ഥര്‍ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടുകയായിരുന്നു. ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. അതിനിടെ, കൊമ്പന് വനംവകുപ്പ് ഭക്ഷണം എത്തിച്ച് നല്‍കി. തെങ്ങോല, വാഴ, വെള്ളം എന്നിവയാണ് എത്തിച്ചത്. ആരും പ്രതിക്ഷിക്കാതെയാണ് അരിക്കൊമ്പന്‍ കമ്പത്ത് എത്തിയതെന്ന് കമ്പം എം.എല്‍.എ എം രാമക്യഷ്ണന്‍ പ്രതികരിച്ചു. ഉടന്‍ എസ്.പിയെയും കളക്ടറെയും വിവരം അറിയിച്ചുവെന്നും തുടര്‍ന്ന് ഇവര്‍ ഇടപെട്ട് ആനയെ തനിയെ ഒരിടത്ത് എത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.