Friday, March 29, 2024
Local NewsNewsObituary

കണമല കാട്ടുപോത്തിന്റെ ആക്രമണം: ഇന്‍ഫാം ആശ്വാസധനം കൈമാറി

എരുമേലി: കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് കര്‍ഷക കുടുംബങ്ങള്‍ക്ക് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പ്രഖ്യാപിച്ച നാലു ലക്ഷം രൂപയുടെ ആശ്വാസധനം കൈമാറി. കഴിഞ്ഞ 19നാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കണമല പ്ലാവനാക്കുഴി തോമസ്, പുറത്തേല്‍ ചാക്കോച്ചന്‍ എന്നിവര്‍ മരിച്ചത്. തോമസ്, ചാക്കോച്ചന്‍ എന്നിവരുടെ വീടുകളിലെത്തി ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ രണ്ടുലക്ഷം രൂപ വീതമുള്ള ചെക്കുകള്‍ കൈമാറി.കഴിഞ്ഞ 19 ന് വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് ടാപ്പിംഗ് നടത്തുകയായിരുന്ന കണമല പ്ലാവനാകുഴിയില്‍ (പുന്നത്തറയില്‍ ) വീട്ടില്‍ തോമസ് ആന്റണിയേയും,വീടിന് മുന്നില്‍ പേരക്കുട്ടിയുമൊത്ത് പത്രം വായിച്ചിരിക്കുകയായിരുന്ന അയല്‍വാസിയായ പുറത്തേല്‍ ചാക്കോച്ചനെയും കാട്ടുപോത്ത് ആക്രമിക്കുന്നത്. രണ്ടു പേരുടേയും സംസ്‌ക്കാരം കണമല സെന്റ് തോമസ് പള്ളിയിലാണ് നടന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പി കെ ജയശ്രീയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കി. കൂടാതെ കാട്ട് പോത്തിനെ വെടി വെച്ച് കൊല്ലാനും കളക്ടര്‍ അനുമതി നല്‍കിയിരുന്നു. കൂടുതല്‍ ധനസഹായം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക് ശേഷം നല്‍കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അന്ന് നേരിട്ടെത്തി പറഞ്ഞിരുന്നു. എന്നാല്‍ വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ കഴിയില്ലെന്നും, മയക്ക് വെടിവെക്കാന്‍ സിസിഎഫ് നിര്‍ദ്ദേശം നല്‍കിയതും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. സംഭവം നടന്ന് ഒരാഴ്ചയിലധികമായിട്ടും കാട്ടുപോത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനവുമായില്ല. ഇതിനിടെ കഴിഞ്ഞ ദിവസം എയ്ഞ്ചല്‍വാലിയില്‍ കടുവ ഇറങ്ങിയതോടെ മേഖലയിലെ ജനജീവിതം കൂടുതല്‍ പ്രതിസന്ധിയിലാണ് .

കണമലയില്‍ ലോയേഴ്സ് ഫോറം സന്ദര്‍ശിക്കും 
കണമലയില്‍ ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 27 ന് ശനിയാഴ്ച രാവിലെ ഹൈക്കോടതി അഭിഭാഷകരുടെ സംഘം സന്ദര്‍ശനത്തിന് എത്തുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കാനും നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ നേരിട്ട് അറിയുന്നതിനുമായാണ് എത്തുന്നതെന്ന് ബാര്‍ കൗണ്‍സില്‍ അംഗവും ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എരുമേലി സ്വദേശിയുമായ അഡ്വ. മുഹമ്മദ് ഷാ അറിയിച്ചു.