Sunday, May 5, 2024
keralaNewsUncategorized

അരിക്കൊമ്പന്‍ ദൗത്യം: ദൗത്യസേനക്ക് അഭിനന്ദനം; കോടതി

കൊച്ചി: അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ അംഗങ്ങള്‍ക്കും അഭിനന്ദനം അറിയിച്ച് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ കത്തയച്ചു. സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത് മനുഷത്വപരമായ അടയാളമായെന്ന് ദൗത്യസേനക്ക് നന്ദി പറഞ്ഞുള്ള കത്തില്‍ ജസ്റ്റിസ് വ്യക്തമാക്കി. എന്നാല്‍ വെള്ളവും ഭക്ഷണവും തേടി അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരികെ വരാനുള്ള സാധ്യത കോടതി വിശദമായി ആരാഞ്ഞു. പുതിയ ആവാസ വ്യവസ്ഥയോട് ശീലമാകും വരെ റേഷന്‍ കടകള്‍ തേടി കൊമ്പന്‍ ഇറങ്ങാനുള്ള സാധ്യത ഉള്ളതിനാല്‍ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. റേഡിയോ കോളര്‍ വഴി നിരീക്ഷണം ഉറപ്പ് വരുത്തുന്നുണ്ടെന്നും തമിഴ്‌നാട് വനാതിര്‍ത്തിയിലാണ് നിലവിലുള്ളതെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു. വിഷയത്തില്‍ ദീര്‍ഘകാല പരിഹാരമാണ് വേണ്ടതെന്നും നിയമവിരുദ്ധമായ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും – മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും കോടതി വീണ്ടും ഓര്‍മിപ്പിച്ചു. ഇതിനായി ടാസ്‌ക് ഫോഴ്‌സ് സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിക്കാനും നിര്‍ദ്ദേശം നല്‍കി. നിലവിലെ കേസിന്റെ അമിക്കസ് ക്യൂറി രമേശ് ബാബുവാകും സമിതി അദ്ധ്യക്ഷന്‍. മറ്റ് അംഗങ്ങളെ ശുപാര്‍ശ ചെയ്യാനും സര്‍ക്കാരിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മൃഗങ്ങളെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റുന്നതല്ല പരിഹാരമെന്നും കോടതി ഇന്നും ആവര്‍ത്തിച്ചു. അരിക്കൊമ്പനെ മാറ്റിയതിന് ശേഷവും ചക്കക്കൊമ്പന്റെ ആക്രമണം എടുത്ത് പറഞ്ഞായിരുന്നു ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയത്.