Saturday, April 27, 2024
keralaNews

അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളില്‍ വിഷാംശത്തിന്റെ സാന്നിധ്യമുണ്ടെന്ന് പൊലീസ്

കാസര്‍ഗോഡ് മരിച്ച അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളില്‍ വിഷാംശത്തിന്റെ സാന്നിധ്യമുണ്ടെന്ന് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി. അഞ്ജുശ്രീയുടെ മരണ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് പൊലീസും സ്ഥിരീകരിച്ചു.മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി പൊലീസ് മേധാവി അറിയിച്ചു.ചില തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക നിഗമനത്തില്‍ എത്തിയിട്ടുണ്ടെന്നും രാസപരിശോധനാ ഫലം ലഭിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും എസ്. പി വൈഭവ് സക്സേന പറഞ്ഞു.

കാസര്‍ഗോഡ് തലക്ലായിലെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നായിരുന്നു പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ പ്രവര്‍ത്തന രഹിതമായത് മരണ കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വ്യക്തതയ്ക്കായി ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ലഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷ സാന്നിധ്യമുള്ളതിനാലാണ് കരള്‍ പ്രവര്‍ത്തന രഹിതമായത്. ഈ വിഷാംശം കണ്ടെത്തിയെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് കൈമൈറിയെന്നും അധികൃതര്‍ വ്യക്തമാക്കി.